കൊല്ലം: ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ 65-ാമത് ജില്ലാ അത്‍ലറ്റിക് മത്സരങ്ങളും ഒന്നാമത് മാസ്റ്റേഴ്സ് മീറ്റും നാളെ മുതൽ 15 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ വിവിധ ക്ലബുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ നിന്നായി 1300 ഓളം കായികതാരങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
14, 16, 18, 20 പ്രായപരിധിയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. പുരുഷ-വനിത വിഭാഗങ്ങൾക്കും പ്രത്യേകം മത്സരം നടത്തും. വിജയികൾക്ക് 20 മുതൽ 24 വരെ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാം. 35 മുതൽ 90 വയസുവരെയുള്ളവരെ വിവിധ പ്രായപരിധിയിലുള്ള ഗ്രൂപ്പുകളായി തിരിച്ച് 15ന് മാസ്റ്റേഴ്സ് മീറ്റ് നടത്തും.
നാളെ രാവിലെ 10ന് മത്സരങ്ങൾ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷത വഹിക്കും. അന്തരാഷ്ട്ര അത്‍ലറ്റും ജി.വി.രാജ അവാർഡ് ജേതാവുമായ പി.ഒ. സയാനയെ ആദരിക്കും. 14ന് വൈകിട്ട് 4ന് കുട്ടികളുടെ മത്സരങ്ങളുടെ സമാപന സമ്മേളനത്തിൽ ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് സമ്മാനദാനം നിർവഹിക്കും. പത്രസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് എസ്. ദേവരാജൻ, സെക്രട്ടറി എം. എഡ്വേർഡ്, സീനിയർ വൈസ് പ്രസിഡന്റ് ഡി. അജയൻ എന്നിവർ പങ്കെടുത്തു.