1-

കൊല്ലം: ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളിൽ ഉപയോഗിക്കാനും കച്ചവടത്തിനുമായി കടത്തിക്കൊണ്ടുവന്ന 82 മാരക ലഹരിഗുളികകളുമായി രണ്ട് എൻജിനീയറിംഗ് വിദ്യാർത്ഥികളെ പുനലൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുനലൂർ, കല്ലുമല ചരുവിളവീട്ടിൽ അലൻ ജോർജ് (28), കല്ലുമല പ്രിയ ഭവനിൽ വിജയ് (22)എന്നിവരാണ് പിടിയിലായത്.

അലൻജോർജ് നിരവധി ലഹരിമരുന്ന് കേസുകളിലെയും ക്രിമിനൽ കേസുകളിലെയും പ്രതിയാണ്. ആറുമാസം മുൻപ് ആര്യങ്കാവ് എക്‌സൈസ് ചെക്ക്പോസ്റ്റ് വഴി 4 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിടെ പിടിക്കപ്പെട്ടിരുന്നു. ആഘോഷപരിപാടികൾ നടത്തുന്നതിനുവേണ്ടിയാണ് ഇവർ ലഹരിമരുന്നുകൾ കൊണ്ടുവന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി. സുരേഷിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ രാത്രികാല പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത്. ലഹരിമരുന്നുകളുടെ ഉറവിടത്തെക്കുറിച്ചും പിടികൂടിയ ഫോണുകൾ കേന്ദ്രീകരിച്ചും കൂടുതൽ അന്വേഷണം നടന്നു വരുന്നതായി കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ വി. റോബർട്ട് അറിയിച്ചു. പുനലൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. സുദേവൻ, പ്രിവന്റിവ് ഓഫീസർ വൈ. ഷിഹാബുദ്ദീൻ, ഷാഡോ ടീം അംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർമാരായ എ. ഷാജി, അനീഷ്, അരുൺകുമാർ, ഹരിലാൽ, റോബി, ഡ്രൈവർ രജീഷ് ലാൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.