navs-

കൊല്ലം: പെട്രോൾ പമ്പ് നടത്തിപ്പിൽ പങ്കാളിയാക്കാമെന്ന് വി​ശ്വസി​പ്പി​ച്ച് 15.5 ലക്ഷം രൂപ കബളി​പ്പി​ച്ച കേസി​ൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തി​ൽ പമ്പ് ഉടമ അറസ്റ്റിൽ. പോരുവഴി കമ്പലടി ചിറയിൽ ജംഗ്ഷന് സമീപം ചിറയിൽ വടക്കതിൽ വീട്ടിൽ നവാസിനെയാണ് (43) ശൂരനാട് പൊലീസ് പിടികൂടിയത്.

രണ്ടാംകു​റ്റി മാർക്ക​റ്റിന് സമീപം പ്രഗതി നഗർ - 26 ൽ സതീശൻപിള്ളയാണ് (63) കഴി​ഞ്ഞ മെയ് 27ന് വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചത്. ആത്മഹത്യ കുറിപ്പിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലും സാക്ഷിവിസ്താരത്തിലും നവാസാണ് കാരണക്കാരനെന്ന് കോടതി കണ്ടെത്തുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. നവാസിന്റെ ഉ‌ടമസ്ഥതയിൽ ഭരണിക്കാവ് സിനിമാ പറമ്പിലുള്ള പെട്രോൾ പമ്പ് നടത്തിപ്പിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞതിനെ തുടർന്ന് ബാങ്ക് വായ്പയെടുത്താണ് പ്രവാസിയായ സതീശൻപിള്ള പണം നൽകിയത്. എന്നാൽ നവാസ് രഹസ്യമായി പമ്പ് മ​റ്റൊരാൾക്ക് വിൽക്കുകയും പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി 'നീ പോയി ചത്തോളൂ' എന്ന് പറയുകയും ചെയ്തതായി ആത്മഹത്യാകുറിപ്പിലുണ്ട്. സതീശൻ പിള്ളയുടെ ഭാര്യ: മിനികുമാരി. മക്കൾ: വിശാൽ, വിവേക്

നവാസിനെ പിടികൂടാൻ പോരുവഴി കമ്പലടിയിലെത്തിയ പൊലീസ് സംഘത്തെ കണ്ട് ഇയാൾ വീടിന്റെ പിൻവശത്തെ മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. അറസ്റ്റ് തടയാൻ ബന്ധുക്കളും മ​റ്റും ശ്രമിച്ചെങ്കിലും സി​റ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നിർദ്ദേശത്തെത്തുടർന്ന് ശൂരനാട് സി.ഐ ഗിരീഷിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് പിടികൂടി​യത്. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്റെ നിർദ്ദേശാനുസരണം കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ എ.പി. അനീഷ്, ജാനസ് പി. ബേബി, എ.എസ്.ഐമാരായ വി. സന്തോഷ്, സുനിൽകുമാർ, പ്രകാശ് ചന്ദ്രൻ. സി.പി.ഒമാരായ സാജ്, സജു, സുധീർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.