evpm-
സിമിൻ & സാജൻ യേശുദാസ്

കൊല്ലം: പി​ക്കപ്പ് വാൻ സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കാർ യാത്രി​കരായ യുവാക്കളെ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കഴുത്തിൽ കുത്തിയ രണ്ടുപേർ പിടിയിൽ. മയ്യനാട് താന്നി ലക്ഷ്മിപുരം തോപ്പ് വീട്ടിൽ സിമിൻ (26), മയ്യനാട് കക്കോട്ട്മൂല ഷാജി ഭവനിൽ സാജൻ യേശുദാസ് (36) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം താന്നി പരവൂർ തീരദേശ റോഡിൽ കാറിൽ സഞ്ചരിച്ച യുവാക്കൾക്കാണ് കുത്തേ​റ്റത്. ഇവരുടെ കാറിന് മുന്നിൽ പോയ പിക്കപ്പ് വാൻ സൈഡ് കൊടുത്തി​ല്ലെന്ന പേരി​ൽ വാൻ തടഞ്ഞു നി​റുത്തി​ ഇവർ ചോദ്യം ചെയ്തു. സംഘർഷത്തി​നി​ടെ വാൻ ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. വാളത്തുംഗൽ സ്വദേശികളായ കാർ യാത്രികർ സെയ്ദലി, ഷംനാദ്, ഷെഫീൻ, നസീം എന്നിവർക്കാണ് പരിക്കേ​റ്റത്. വാനി​ന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ താന്നിയിൽ നിന്നു പിടികൂടിയത്. ഇരവിപുരം ഇൻസ്‌പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനുരൂപ, പ്രകാശ്, എ.എസ്.ഐ ഷാജി, സി.പി.ഒമാരായ മനാഫ്, അമൽ കൃഷ്ണൻ എന്നിവരാണ് പ്രതി​കളെ പിടികൂടിയത്.