adalath-
ജനകീയ അദാലത്തി​ൽ ജില്ലാ ജഡ്ജി കെ.വി.ജയകുമാർ അംഗപരി​മി​തന്റെ അടുത്തെത്തി പരാതി കേൾക്കുന്നു

കൊല്ലം: ജില്ലാ നിയമസേവന അതോറിട്ടി​യുടെ ആഭിമുഖ്യത്തിൽ ജില്ലയി​ൽ ഇന്നലെ നടന്ന ലോക് അദാലത്തിൽ 7,922 കേസുകൾ തീർപ്പാക്കി. മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടന്നതും പിഴ ഒടുക്കിത്തീർക്കാവുന്നതുമായ 7054 കേസുകൾ, 286 എം.എ.സി.ടി​ കേസുകൾ, 582 മറ്റ് വിവിധ കേസുകൾ എന്നിവയിലൂടെ 11.12 കോടിയുടെ വ്യവഹാരങ്ങളാണ് തീർപ്പാക്കിയത്. മജിസ്ട്രേറ്റ് കോടതികളിൽ നിന്നു മാത്രമായി 61.49 ലക്ഷം രൂപ പിഴയിനത്തിൽ ലഭിച്ചു.

കൊല്ലം ജില്ലാ ജഡ്ജി കെ.വി.ജയകുമാർ, അഡീഷണൽ ജില്ലാ ജഡ്ജി കെ.എൻ. സുജിത്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രസൂൺ മോഹൻ, ജില്ലാ നിയമ സേവന അതോറിട്ടി സെക്രട്ടറി / സബ്ജഡ്ജ് സി.ആർ.ബിജുകുമാർ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. താലൂക്ക് ആസ്ഥാനങ്ങളിലെ അദാലത്തിന് അതത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻമാർ നേതൃത്വം നൽകി. അദാലത്തിന്റെ ഭാഗമായി ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ പിഴയടച്ച് തീർക്കാവുന്ന കേസുകൾക്കായി സ്പെഷ്യൽ സിറ്റിംഗ് ഏർപ്പെടുത്തിയിരുന്നു.

 സുരേന്ദ്രൻ പിള്ളയ്ക്ക് ഇനി ആശ്വസിക്കാം

മകന്റെ വിദ്യാഭ്യാസ വായ്‌പ ഇനത്തിൽ കാനറാ ബാങ്കിലുണ്ടായിരുന്ന 4.71 ലക്ഷത്തിന്റെ ബാദ്ധ്യത ഒരു ലക്ഷമായി ഇളവു ചെയ്തതോടെ

കൊല്ലം ചന്ദനത്തോപ്പ് ചരുവിള പുത്തൻവീട്ടിൽ സുരേന്ദ്രൻ പിള്ളയ്ക്ക് ഇനി ആശ്വസിക്കാം. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വി​ധേയനായതി​നാൽ സാമ്പത്തി​കമായി തകർന്ന അവസ്ഥയി​ലായി​രുന്നു സുരേന്ദ്രൻ പി​ള്ള. മൂന്ന് മാസത്തിനകം അടച്ചു തീർക്കാം എന്ന ധാരണയിൽ ജില്ലാ നിയമ സേവന അതോറിട്ടി​ സെക്രട്ടറിയും സബ് ജഡ്ജി​യുമായ സി​.ആർ. ബിജുകുമാർ ആണ് കേസ് തീർപ്പാക്കിയത്