xp
പഞ്ചമി ജംഗ്ഷൻ - ടി.ബി ആശുപത്രി റോഡിൽ ചക്കിന്റെ തെക്കതിൽ ജംഗ്ഷനിൽ ടാറിംഗ് പൂർണമായും ഇളകിമാറി കുഴികൾ രൂപപ്പെട്ട നിലയിൽ

പഞ്ചമി ജംഗ്ഷൻ - ടി.ബി ആശുപത്രി റോഡ് തകർച്ചയിൽ

തഴവ: കുലശേഖരപുരം പഞ്ചമി ജംഗ്ഷൻ - ടി.ബി ആശുപത്രി റോഡിന്റെ ദുരവസ്ഥയെ തുടർന്ന് യാത്രക്കാർ വലയുന്നു. കരുനാഗപ്പള്ളി ദേശീയ പാതയ്ക്ക് സമാന്തരമായി മൂന്ന് കിലോമീറ്റർ നീളത്തിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്. കരുനാഗപ്പള്ളി റേയിൽവേ സ്റ്റേഷൻ, പുതിയകാവ് നെഞ്ച് രോഗാശുപത്രി, പുതിയകാവ് മാർക്കറ്റ് തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് പോകുന്നതിനായി പ്രതിദിനം നൂറ് കണക്കിന് യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. എന്നാൽ റോഡിൽ മുഴുവൻ കുണ്ടും കുഴിയും രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ റോഡിൽ 2015ൽ മൂന്ന് സ്ഥലങ്ങളിൽ ടൈൽ പാകിയതൊഴിച്ചാൽ അതിന് മുൻപോ ശേഷമോ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

അപകടക്കുഴികൾ

കളരിക്കൽ ജംഗ്ഷൻ, തെറുമ്പിൽ ജംഗ്ഷൻ, കൊച്ചുവിളയിൽ ജംഗ്ഷൻ, മണ്ണടിശേരി ജംഗ്ഷൻ, ചക്കിന്റെ തെക്കതിൽ ജംഗ്ഷൻ, പനമൂട്ടിൽ ജംഗ്‌ഷൻ എന്നീ സ്ഥലങ്ങളിലെ റോഡിൽ രൂപപ്പെട്ട കുഴികൾ വളരെ അപകടകരമാണ്. ഈ സ്ഥലങ്ങളിൽവെച്ച് രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണെന്ന്

നാട്ടുകാർ പറയുന്നു. എത്രയും വേഗം ഈ കുഴികൾ നികത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

മഴപെയ്താൽ വെള്ളക്കെട്ട്

ഒരു മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ റോഡിൽ തെറുമ്പിൽ ജംഗ്ഷൻ മുതൽ നെഞ്ച് രോഗാശുപത്രി വരെയുള്ള രണ്ടര കിലോമീറ്റർ ഭാഗത്ത് അതിരൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. പതിറ്റാണ്ടുകളായി പാറ്റോലി തോട്ടിലേക്ക് നീരൊഴുക്കുണ്ടായിരുന്ന പല തോടുകളും പിൽക്കാലത്ത് നികത്തി റോഡ് നിർമ്മിച്ചതാണ് പ്രതിസന്ധിക്ക് കാരണം. നീരാഴുക്കിന് ശാശ്വതമായ ശാസ്ത്രീയ സംവിധാനം ഒരുക്കിയ ശേഷം നവീകരണം നടത്തിയാലേ റോഡ് പൂർണമായും ഗതാഗത യോഗ്യമാവുകയുള്ളൂ.