solar

# സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

കൊല്ലം: ഗാർഹിക ഉപഭോക്താക്കൾക്ക് കേന്ദ്ര സബ്‌സിഡിയോടെ സൗരോർജ പ്ളാന്റുകൾ സ്ഥാപിക്കാനുള്ള അനെർട്ടിന്റെ 'സൗരതേജസ്' പദ്ധതിയിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു.10 കിലോവാട്ട് വരെയുള്ള സൗരപാനലുകൾ സ്ഥാപിക്കാം. വീട്ടാവശ്യത്തിന് ശേഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാൻ കഴിയും വിധം ഗ്രിഡ് ബന്ധിത പദ്ധതിയായാണ് നടപ്പാക്കുന്നത്. രജിസ്ട്രേഷൻ മുതൽ പ്ലാന്റ് സ്ഥാപിക്കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും 'ബൈ മൈ സൺ' (buymysun) എന്ന പോർട്ടൽ വഴിയാണ് നടക്കുന്നത്.

ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റിൽനിന്ന് പ്രതിദിനം നാല് യൂണി​റ്റ് വൈദ്യുതി ലഭിക്കും. കെ.എസ്.ഇ.ബി വൈദ്യുതി ഉപയോഗിച്ചിരുന്നപ്പോൾ ലഭിച്ച ബില്ലിന്റെ അടിസ്ഥാനത്തിലാണ് പ്ളാന്റിന് അനുമതി നൽകുന്നത്. പ്രതിമാസം വീട്ടിലേക്ക് വേണ്ട വൈദ്യുതി പ്ളാന്റിൽ നിന്ന് ഉറപ്പാക്കും. ശേഷിക്കുന്നത് കെ.എസ്.ഇ.ബിക്ക് നൽകാം. പ്ളാന്റ് സ്ഥാപിക്കാൻ മുടക്കിയ പണം 4- 7 വർഷംകൊണ്ട് തിരികെ ലഭിക്കും.

വർഷത്തിൽ ഒക്ടോബർ മുതൽ സെപ്തംബർ വരെ ഒരു വർഷമായി കണക്കാക്കി, അധികം ഗ്രിഡിലേക്ക് നൽകിയ വൈദ്യുതിക്ക് യൂണി​റ്റ് നിരക്ക് നിശ്ചയിച്ച് ഗുണഭോക്താവിന് തുക കെ.എസ്.ഇ.ബി നൽകും. പ്ലാന്റ് സ്ഥാപിക്കാൻ സബ്‌സിഡി കഴിഞ്ഞുള്ള തുക കുറഞ്ഞ പലിശ നിരക്കിൽ വിവിധ ബാങ്കുകളിൽനിന്ന് വായ്പയായി ലഭ്യമാക്കാനുള്ള നടപടികളും അനെർട്ട് സ്വീകരിച്ചിട്ടുണ്ട്.

................................................

 ₹ 2.28 ലക്ഷം: മൂന്നു കിലോവാട്ടുള്ള പ്ളാന്റിന് അടിസ്ഥാന ചെലവ്

.....................................

# സബ്‌സിഡി നിരക്ക്

 പ്ലാന്റിന്റെ ശേഷിയുടെ അടിസ്ഥാനത്തിൽ അടിസ്ഥാന വിലയിൽ സബ്‌സിഡി

 അടിസ്ഥാന വില നിശ്ചയിക്കുന്നത് കേന്ദ്ര നവ പുനരുപയോഗ ഊർജ മന്ത്റാലയം

 മൂന്നു കിലോവാട്ട് വരെയുള്ള പ്ലാന്റിന് 4 ശതമാനം സബ്‌സിഡി

 മൂന്നു മുതൽ പത്ത് കിലോവാട്ട് വരെയുള്ള പ്ളാന്റിന് ആദ്യ 3 കിലോവാട്ടിന് 40ഉം തുടർന്നുള്ളവയ്ക്ക് 20 ശതമാനവും സബ്സിഡി

 ഗ്രൂപ്പ് ഹൗസിംഗ് സൊസൈ​റ്റികൾ, ഫ്‌ളാ​റ്റുകൾ, അപ്പാർട്ട്‌മെന്റുകൾ എന്നിവയ്ക്ക് പരമാവധി 500 കിലോവാട്ട് വരെ (ഒരു വീടിന് 10 കിലോവാട്ട് എന്ന കണക്കിൽ) 20 ശതമാനം സബ്‌സിഡി

# രജിസ്‌ട്രേഷൻ ഓൺലൈനിൽ

 www.buymysun.com എന്ന ലിങ്കിൽ കയറുക

 ഇ-മെയിൽ ഐ.ഡി നൽകി ഒ.ടി.പി ഉപയോഗിച്ച് അക്കൗണ്ട് രൂപീകരിക്കുക

 ബൈ നൗ ക്ലിക്ക് ചെയ്ത് ആവശ്യമായ പ്ലാന്റ് തിരഞ്ഞെടുത്ത് അപേക്ഷ പൂർത്തിയാക്കുക

 രജിസ്ട്രേഷന്റെയും സാദ്ധ്യതാപഠനത്തിന്റെയും മുൻഗണനാ ക്രമത്തിൽ ഉപഭോക്താക്കളെ തി​രഞ്ഞെടുക്കും

 ടോൾ ഫ്രീ നമ്പർ: 1800 425 1803 (ഞായർ ഒഴികെ 10 മുതൽ 5 വരെ)