ഭൂമി ഏറ്റെടുക്കാൻ ധാരണ, മണ്ണ് നീക്കം തുടങ്ങി
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ മിനി മെഡിക്കൽ കോളേജാക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കാൻ ധാരണയായി. ആശുപത്രിയുടെ പിൻഭാഗത്തുള്ള 50 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുക. നഗരസഭാ അധികൃതരും എച്ച്.എം.സിയും ഭൂമിയുടെ ഉടമയുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇതോടെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത കൈവരും. ആശുപത്രി വളപ്പിലെ മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ഏറെ തടസങ്ങൾ നിലനിന്നിരുന്നു. എല്ലാ പ്രതിസന്ധികളും പരിഹരിച്ച് മണ്ണുനീക്കം തുടങ്ങി. ഏറ്റെടുക്കുന്ന ഭൂമിയിലേക്കാണ് ഇപ്പോൾ മണ്ണ് നിക്ഷേപിക്കുന്നത്. ഇവിടെ നിന്ന് നീക്കംചെയ്യുന്ന മണ്ണ് ഡോക്ടേഴ്സ് ലൈൻ- കുലശേഖരപുരം - പുലമൺ റോഡിനായി ഉപയോഗിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.
നഗരസഭാ ചെയർമാൻ മുൻകൈയെടുത്ത് ഇവിടെ ഏലായിലൂടെ റോഡ് നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും എതിർപ്പുകളും കോടതി ഇടപെടലുമുണ്ടായതോടെ മുടങ്ങി. ഇതോടെ മണ്ണ് നിക്ഷേപിക്കാൻ പറ്റാതെയുമായി. ഇ.ടി.സി - പൊന്മാന്നൂർ കനാൽ റോഡിനായി മണ്ണ് ഉപയോഗിക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഇപ്പോൾ ആശുപത്രിക്കായി ഏറ്റെടുക്കുന്ന ഭൂമിയിൽ മണ്ണ് നിക്ഷേപിക്കാൻ തുടങ്ങിയതോടെ ആ പ്രശ്നങ്ങൾക്കും പരിഹാരമായി. മണ്ണ് മാറുന്നതോടെ ഇവിടുത്തെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. ദേശീയപാതയ്ക്ക് അരികിലായി ആശുപത്രിയുടെ മുൻഭാഗത്തെ കെട്ടിടനിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്.
നിർമ്മാണോദ്ഘാടനം നടത്തിയത് 2020ൽ
താലൂക്ക് ആശുപത്രിയെ മിനി മെഡിക്കൽ കോളേജ് സംവിധാനത്തിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. 2020 ആഗസ്റ്റ് 25ന് ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജയാണ് കെട്ടിടസമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. ഒന്നരവർഷം പിന്നിടുമ്പോഴാണ് പ്രധാന കെട്ടിട നിർമ്മാണത്തിന്റെ മണ്ണ് നീക്കം തുടങ്ങാനായത്.
മിനി മെഡി. കോളേജിന്റെ ഓഫീസ് ബ്ളോക്ക് പ്രവേശന കവാടത്തിന്റെ ഭാഗത്തേക്ക് മാറും. പുതുതായി രണ്ട് പ്രവേശനകവാടങ്ങളും ആംബുലൻസുകൾക്ക് മാത്രമായി പ്രത്യേക പ്രവേശന കവാടവുമൊരുക്കും. കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിനാണ് നിർമ്മാണച്ചുമതല.
ബഹുനില കെട്ടിടങ്ങൾ
233 കിടക്കകളുള്ള വാർഡ്, അഡ്മിനിസ്ട്രേഷൻ ബ്ളോക്ക്, ഡയഗ്നോസ്റ്റിക് ബ്ളോക്ക്, വാർഡ് ടവർ എന്നീ ബഹുനില കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. 200 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. എട്ട് ലിഫ്റ്റുകൾ ക്രമീകരിക്കും. സാനിട്ടേഷൻ, ഓർഗാനിക് വേസ്റ്റ് കൺവേർഷൻ, സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ്, ഫയർ ഫൈറ്റിംഗ് സിസ്റ്റം എന്നിവ മിനി മെഡിക്കൽ കോളേജിന്റെ ഭാഗമായുണ്ടാകും.
കിഫ്ബിയിൽ നിന്നനുവദിച്ച 67.67 കോടി രൂപയുൾപ്പടെ 91 കോടിയുടെ വികസനമാണ് താലൂക്ക് ആശുപത്രിയിൽ നടക്കുന്നത്.