കരുനാഗപ്പള്ളി: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാലിന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ വിമത പക്ഷത്തു നിന്ന് മത്സരിച്ച പ്രവീൺ മനയ്ക്കൽ സി.പി.എം കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 15 അംഗ കമ്മിറ്റിയിൽ 8 പേർ പ്രവീൺ മനയ്ത്തലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിച്ച സുനിൽകുമാറിന് 7 വോട്ടുകൾ ലഭിച്ചു. പാർട്ടി ഏരിയാ സമ്മേളനത്തിലേക്കുള്ള 20 പ്രതിനിധികളെയും തിരഞ്ഞെടുത്തു. വിഭാഗീയ പ്രവർത്തനത്തെ തുടർന്ന് രണ്ട് പ്രാവശ്യം മാറ്റിവെച്ച സമ്മേളനമാണ് ഇന്നലെ വൈകിട്ട് കൂടിയത്. ലോക്കൽ കമ്മിറ്റിയിലേക്ക് ഔദ്യോഗിക പക്ഷം അവതരിപ്പിച്ച 15 പേരിൽ അലക്സ് ജോർജ്, ശശികുമാർ, പാർത്ഥസാരഥി എന്നിവർ പരാജയപ്പെട്ടപ്പോൾ വിമത ഭാഗത്തു നിന്ന് മത്സരിച്ച സോമൻ, നസീം, ശിവപ്രസാദ് എന്നിവർ വിജയിച്ചു.