hanibal-muttuswami-64

കൊല്ലം: തെങ്കാശിയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം പോളയത്തോട് മഹാലക്ഷ്മി ഹോസ്പിറ്റൽ ഉടമ, വികാസ് നഗർ 141 മഹാലക്ഷ്മിയിൽ ഡോ. ഹണിബാൽ മുത്തുസ്വാമി (64) മരിച്ചു. മധുരയിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം കൊല്ലത്തേക്ക് വരുമ്പോൾ ഇന്നലെ പുലർച്ചെ ആയിരുന്നു അപകടം. ഹണിബാലും ഡ്രൈവർ ഷാഫിയും സഞ്ചരിച്ചിരുന്ന കാർ തെങ്കാശിയിൽ മറ്റൊരു വാഹനത്തിനായി സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹണിബാൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ പോളയത്തോട് വയലിൽതോപ്പ് സ്വദേശി ഷാഫി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് പോളയത്തോടിലെ വീട്ടിൽ കൊണ്ടുവന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം രാത്രിയോടെ തിരികെ മധുരയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി. മധുര സ്വദേശിയായ ഹണിബാലും ഭാര്യ ഡോ. മണിമേഖലയും 40 വർഷത്തിലേറെയായി പോളയത്തോടിൽ ക്ലിനിക്ക് നടത്തുകയാണ്. മകൾ: മഹാലക്ഷ്മി (ചെന്നൈ). മരുമകൻ: അരുൺ.