photo
തലച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രം

കൊല്ലം: കൊട്ടാരക്കര തലച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അടിയന്തരചികിത്സ ആവശ്യമാണ്!.​ കെട്ടിടങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തതയുമായിട്ടാണ് ആരോഗ്യകേന്ദ്രം പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നത്. ആശുപത്രിയിലെത്തുന്നവർ ചികിത്സയ്ക്കും കൊവിഡ് വാക്സിനെടുക്കാനുമായി വരാന്തയിലും പൊതുവഴിയിലുമൊക്കെ നിൽക്കേണ്ട ഗതികേടിലാണ്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായില്ല. വെട്ടിക്കവല ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് തലച്ചിറ പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. ആശുപത്രിയുടെ വികസനത്തിനായി പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആരോഗ്യകേന്ദ്രം വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ആരോഗ്യകേന്ദ്രത്തിലെ പ്രധാനകെട്ടിടം 1982ലാണ് നിർമ്മിച്ചത്. ഇതിന്റെ വശങ്ങളിലേക്ക് ചരിപ്പുകൾ ഇറക്കിയാണ് ആളുകൾക്കിരിക്കാൻ സൗകര്യങ്ങളൊരുക്കിയത്.

ഗ്രാമത്തിന്റെ ഏക ആതുരാലയം

ഗ്രാമാന്തരീക്ഷമുള്ള പഞ്ചായത്താണ് വെട്ടിക്കവല. ഇവിടത്തെ നൂറുകണക്കിന് രോഗികൾ ദിനംപ്രതി ചികിത്സതേടിയെത്തുന്ന ആരോഗ്യകേന്ദ്രമാണിത്. കൊവിഡ് വ്യാപനത്തിന് മുൻപ് ദിവസവും മുന്നൂറിലധികം രോഗികളാണ് ഇവിടെയെത്തിയിരുന്നത്. ഉച്ചവരെ മാത്രമാണ് പ്രവർത്തനം. അതുകൊണ്ടുതന്നെ രോഗികളുടെ തിരക്കുംകൂടും. വളരെ അവശരായ രോഗികൾക്കുപോലും ഇരിക്കാൻ സൗകര്യമില്ലാത്ത അവസ്ഥയാണുള്ളത്. വാക്സിനേഷൻ തുടങ്ങിയതോടെ തിരക്ക് വീണ്ടും വർദ്ധിച്ചു. മൂന്ന് ഡോക്ടർമാരുടെ സേവനമാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെ മാലാഖക്കൂട്ടം പദ്ധതിയിൽ നിന്നെത്തിയ നഴ്സടക്കമുണ്ട്. എന്നാൽ ഇവർക്കൊന്നും വിശ്രമിക്കാൻ ഇടമില്ല. തട്ടിക്കൂട്ടുകെട്ടിടങ്ങളിൽ ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റുമ്പോൾ കാണേണ്ടവർ കണ്ണടയ്ക്കുകയാണ്.

മോർച്ചറി അടഞ്ഞു

ആരോഗ്യകേന്ദ്രം വളപ്പിൽ വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച മോർച്ചറി അടഞ്ഞുകിടക്കുകയാണ്. മൃതദേഹങ്ങൾ സൂക്ഷിക്കാൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോകേണ്ട സ്ഥിതിയുണ്ട്. പ്രവർത്തനമില്ലാത്ത മോർച്ചറി പൊളിച്ചുനീക്കാനോ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനോ അധികൃതർ തയ്യാറാകുന്നുമില്ല.

എന്തിനായിരുന്നു ലാബ്?

ആരോഗ്യ കേന്ദ്രത്തിൽ ലാബ് സൗകര്യം തുടങ്ങാൻ കെട്ടിടം നിർമ്മിച്ചിട്ട് ഏറെ നാളായി. ഇവിടേക്ക് ലാബ് ജീവനക്കാരെ പോസ്റ്റ് ചെയ്തുവെങ്കിലും ലാബ് തുറക്കാൻ കഴിഞ്ഞില്ല. പിന്നീട് ലാബ് ജീവനക്കാരെ മറ്റിടങ്ങളിലേക്ക് ഡെപ്യൂട്ടേഷനിൽ വിടേണ്ടിയും വന്നു.

വരുമോ ആംബുലൻസ് ?

ആരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് സൗകര്യം അനുവദിച്ചെന്ന് മുൻപ് പ്രഖ്യാപനമുണ്ടായിരുന്നു. അങ്ങനെ ആംബുലൻസ് കയറ്റിയിടാൻ ഷെഡുംതയ്യാറാക്കി. എന്നാൽ ഷെഡ് നോക്കുകുത്തിയായി മാറിയതല്ലാതെ ഇതുവരെ ആംബുലൻസ് വന്നിട്ടില്ല.

സബ് സെന്ററുകളും ദുരിതത്തിൽ

തലച്ചിറ പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിൽ 7 സബ് സെന്ററുകളാണുള്ളത്. കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ സ്ഥിതിയും വളരെ പരിതാപകരമാണ്. മൂന്നെണ്ണം ഇപ്പോഴും വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. പനവേലി കുടുംബക്ഷേമ കേന്ദ്രത്തിന് അടുത്തിടെ കെട്ടിടനിർമ്മാണം തുടങ്ങിയിട്ടുണ്ട്. അതോടെ ഈ സെന്ററും വാടകക്കെട്ടിടത്തിലേക്ക് മാറ്റേണ്ടിവന്നു.