
കൊല്ലം: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ബൈപ്പാസ് ആരംഭിക്കുന്ന മേവറം മുതൽ കടമ്പാട്ടുകോണം വരെയുള്ള ഭാഗത്ത് ഏറ്രെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ നാളെ മുതൽ പൊളിച്ചുനീക്കും. നഷ്ടപരിഹാരത്തുക ഉടമകൾക്ക് വിതരണം ചെയ്ത ഭൂമിയിലെ കെട്ടിടങ്ങളാകും ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും നേതൃത്വത്തിൽ പൊളിക്കുക.
ആലപ്പുഴയിലെ കൊച്ചുകുളങ്ങര മുതൽ ബൈപ്പാസ് ആരംഭിക്കുന്ന കാവനാട് വരെയുള്ള ഭാഗത്തെ ജില്ലയിലെ രണ്ടാമത്തെ റീച്ചിലെ പൊളിക്കൽ നാലാഴ്ച മുൻപ് ആരംഭിച്ചിരുന്നു. ജില്ലയിൽ ഏകദേശം 6300 ഉടമകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിൽ അറുനൂറോളം പേർക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം വിതരണം ചെയ്തത്. ആകെ ഭൂമിയുടെ 90 ശതമാനം ഏറ്റെടുത്ത ശേഷമേ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകൂ. ആദ്യഘട്ടത്തിൽ ചെറിയ പാലങ്ങളുടെയും കലുങ്കുകളുടെയും നിർമ്മാണം തുടങ്ങും. നിർമ്മാണ പ്രവൃത്തികൾക്ക് ആവശ്യമായ പ്ലാന്റ് സജ്ജമാക്കാൻ നീണ്ടകര കൺസ്ട്രക്ഷൻ അക്കാഡമിയോട് ചേർന്ന് ഒഴിഞ്ഞുകിടക്കുന്ന ഭൂമി കരാർ കമ്പനി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.