photo
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ സജ്ജമാക്കിയ കരിയർ ഡവലപ്മെന്റ് സെന്റർ മന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ, നഗരസഭ ചെയർമാൻ എ.ഷാജു, പി.ഐഷാപോറ്റി എന്നിവർ സമീപം

കൊട്ടാരക്കര: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ സജ്ജമാക്കിയ കരിയർ ഡവലപ്മെന്റ് സെന്റർ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.എൻ. ബാലഗോപാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ എ. ഷാജു, പി. ഐഷാപോറ്റി, എസ്.ആർ. രമേശ്, കുളക്കട രാജു, പി.കെ. ജോൺസൺ, സി. മുകേഷ്, ആർ. രാജശേഖരൻ പിള്ള എന്നിവർ സംസാരിച്ചു.

കരിയർ വിജ്ഞാനത്തിന്

ശരിയായ കരിയർ വിജ്ഞാനം വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും നൽകാനുപകരിക്കും വിധമാണ് സെന്റർ ക്രമീകരിച്ചിട്ടുള്ളത്. ഗ്രാമീണ മേഖലയിലെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരെ ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിനായി 2016 - 17 മുതൽ കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന നൂതന പദ്ധതിയാണ് കരിയർ ഡെവലപ്മെന്റ് സെന്റർ. ഏത് പ്രായത്തിലുള്ളവർക്കും ഇവിടെ രജിസ്റ്റർ ചെയ്യാം. പരിചയ സമ്പന്നനായ എംപ്ലോയ്മെന്റ് ഓഫീസറുടെയും മനശാസ്ത്രത്തിൽ വൈദഗ്ദ്ധ്യമുള്ള കരിയർ കൗൺസലറുടെയും ഐ.ടി. ഓഫീസറുടെയും സേവനം ഇവിടെ ലഭിക്കും.