
 ഗോഡൗണിൽ നിന്ന് എത്തിക്കുന്നതിൽ തർക്കം
കൊല്ലം: കൊവിഡ് ഒന്നാംഘട്ട വ്യാപന സമയത്ത് ആരംഭിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.വൈ) പദ്ധതിയിൽ ഉൾപ്പെട്ട ഉപഭോക്താക്കൾക്കുള്ള റേഷൻ അരിയും ഗോതമ്പും മുടങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും നടപടിയില്ല.
നവംബറിൽ അവസാനിക്കേണ്ടിയിരുന്ന പദ്ധതി വരുന്ന മാർച്ച് വരെ നീട്ടിയെങ്കിലും ജില്ലയിൽ വിതരണം കാര്യക്ഷമമാക്കാൻ കഴിയുന്നില്ല. മറ്റുള്ള ജില്ലകളിൽ അരിയും ഗോതമ്പും കൃത്യമായി എത്തിക്കാൻ കഴിഞ്ഞിട്ടുണെങ്കിലും കൊല്ലത്ത് പലേടത്തും വിഹിതം എത്തുന്നില്ല. ഇന്നലെ വൈകിട്ടു വരെ റേഷൻകടകൾക്കുള്ള ബില്ലിംഗിലോ വിഹിതക്കണക്കുകളിലോ പദ്ധതിപ്രകാരമുള്ള ഭക്ഷ്യധാന്യങ്ങളുടെ കണക്കുകളോ ഉൾപ്പെടുത്തിയിട്ടില്ല. ഓരോ റേഷൻ കടയിലും ശരാശരി 35 മുതൽ 50 വരെ ക്വിന്റൽ ഭക്ഷ്യധാന്യങ്ങളാണ് പി.എം.ജി.കെ.വൈ പദ്ധതിയിൽ വിതരണത്തിനായി ആവശ്യമുള്ളത്.
ഗോഡൗണുകൾ കേന്ദ്രീകരിച്ചുള്ള ചില പ്രശ്‍നങ്ങളാണ് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിന്റെ തടസത്തിന്റെ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കൊല്ലം എഫ്.സി.ഐ ഗോഡൗണിന് സംഭരണ ശേഷി കുറവായതിനാൽ അരിയും ഗോതമ്പും സംഭരിക്കാൻ സിവിൽ സപ്പ്ളൈസ് വകുപ്പിന് കരുനാഗപ്പള്ളി ഗോഡൗണിനോടാണ് താത്പര്യം. കൊല്ലം ഗോഡൗണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലോറി തൊഴിലാളികൾ അടക്കമുള്ളവരുടെ എതിർപ്പ് മൂലമാണ് ഇവ വിതരണം ചെയ്യാൻ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ ഇന്നുമുതൽ റേഷൻ കടകളിൽ എത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന
 മഞ്ഞ, പിങ്ക് കാർഡിൽ ഉൾപ്പെട്ടവർക്ക് 5 കിലോഗ്രാം ഭക്ഷ്യ ധാന്യം
 സംസ്ഥാനത്ത് അരി വിതരണത്തിന് മുൻഗണന
 ഒരാൾക്ക് 4 കിലോ അരി, 1 കിലോ ഗോതമ്പ്
 രാജ്യത്താകെ 80 കോടി ഗുണഭോക്താക്കൾ
 നവംബർ 30ന് അവസാനിക്കേണ്ടുന്ന പദ്ധതി മാർച്ച് 31 വരെ നീട്ടി
കൊല്ലത്ത് സംഭരണ ശേഷി കുറവ്
 കൊല്ലത്തെ അപേക്ഷിച്ച് കരുനാഗപ്പള്ളി ഗോഡൗണിൽ സംഭരണ ശേഷി കൂടുതൽ
 കരുനാഗപ്പള്ളിയിൽ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്ക് കൂടുതൽ
 ആദ്യം എത്തിയവ ആദ്യം വിതരണത്തിന് എന്ന നയം കാരണം മുൻഗണന നിലവിലുള്ള സ്റ്റോക്കിന്
 കരുനാഗപ്പള്ളിയിൽ സംഭരിച്ചത് വിതരണം ചെയ്ത ശേഷം മാത്രം മറ്റുള്ളവയ്ക്ക് പരിഗണന
 കൊല്ലം ഗോഡൗണിലെ ലോറിത്തൊഴിലാളികളിൽ കുറച്ചു പേർക്ക് മാത്രം കരുനാഗപ്പള്ളിയിൽ തൊഴിലവസരം
 എല്ലാവർക്കും തൊഴിൽ നൽകണമെന്ന് തൊഴിലാളികൾ
 നിലവിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ കരുനാഗപ്പള്ളിയിലെ ലോറിക്കാർ മാത്രം
 ഇന്ന് മുതൽ റേഷൻകടകളിൽ ഭക്ഷ്യധാന്യം എത്തിക്കുമെന്ന് അധികൃതർ