
ശാസ്താംകോട്ട : ദേശസാൽകൃത ബാങ്കിനായുള്ള ശൂരനാട് തെക്ക് പഞ്ചായത്തിന്റെ കാത്തിരിപ്പ് തുടരുകയാണ്. കുന്നത്തൂർ താലൂക്കിൽ ദേശസാൽകൃത ബാങ്കിന്റെ ശാഖയില്ലാത്ത ഏക പഞ്ചായത്താണ് ശൂരനാട് തെക്ക്. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, സർക്കാർ ആശുപത്രി, കൃഷിഭവൻ, സ്കൂളുകൾ, സപ്ലൈകോ സൂപ്പർ മാക്കറ്റ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുള്ള ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ പതാരം ജംഗ്ഷനിൽ എസ്.ബി.ഐ യുടെ ശാഖ അനുവദിച്ചെങ്കിലും ഉന്നത ഇടപെടൽ കാരണം അത് ചക്കുവള്ളിയിലേക്ക് മാറ്റുകയായിരുന്നു.
വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർത്ഥികളും സാധാരണക്കാരും ഉൾപ്പടെയുള്ളവർക്ക് ബാങ്ക് ഇടപാടുകൾ നടത്തണമെങ്കിൽ കിലോമീറ്റർ താണ്ടി ഭരണിക്കാവ്, ചക്കുവള്ളി, കരുനാഗപ്പള്ളി ,മൈനാഗപ്പള്ളി ,ശാസ്താംകോട്ട എന്നിവിടങ്ങളിലെ ഏതെങ്കിലും ശാഖയെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
കൊവിഡ് മുൻകരുതലിന്റെ ഭാഗമായി ബാങ്കിംഗ് മേഖലയിൽ ചില നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഇടപാടുകൾക്കായി പുലർച്ചെ തന്നെ പോകേണ്ട സ്ഥിതിയുണ്ട്.
ആനുകൂല്യത്തെക്കാൾ
അധികം വണ്ടിക്കൂലി
ശൂരനാട് തെക്ക് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ബസ് സർവ്വീസ് കുറവായതിനാൽ ശാഖകളിലെത്താൻ വലിയ തുക ഓട്ടോ, ടാക്സി കൂലിയായി നൽകേണ്ട സ്ഥിതിയുമുണ്ട്.
പെൻഷൻ വാങ്ങാൻ ബാങ്കുകളെ ആശ്രയിക്കുന്നവരാണ് കൂടുതൽ ദുരിതത്തിലായത്. ചുരുക്കത്തിൽ ആനുകൂല്യത്തെക്കാൾ കൂടുതൽ യാത്രക്കൂലി നൽകേണ്ട സ്ഥിതിയാണുള്ളതെന്ന് നാട്ടുകാർ പറയുന്നു.
സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിനും പൊതുജനങ്ങൾക്ക് ലഭിക്കുന്ന
സർക്കാർ ആനുകൂല്യങ്ങൾക്കുമെല്ലാം ബാങ്കുകളെ ആശ്രയിക്കുന്ന ഇക്കാലത്ത്, ഒരു പഞ്ചായത്തിൽ ബാങ്കിന്റെ ഒരു ശാഖ പോലുമില്ലെന്നത് അദ്ഭുതകരം തന്നെ.
ശൂരനാട് തെക്ക് പഞ്ചായത്തിന്റെ കേന്ദ്രമായ പതാരത്ത് ദേശസാൽകൃത ബാങ്ക് അനുവദിക്കുന്നതിന് രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനപ്രതിനിധികൾ ഇടപെടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ആധുനിക കാലത്ത് ഒരു ദേശസാൽകൃത ബാങ്കിന്റെ ശാഖയില്ലാത്തതിന്റെ ബുദ്ധിമുട്ട് വളരെ വലുതാണ്. ശൂരനാട് തെക്ക് പഞ്ചായത്ത് പരിധിയിൽ ബാങ്ക് ശാഖ സ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്
എസ്.കെ ശ്രീജ,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ശൂരനാട് തെക്ക്