ചവറ : ചവറ ശങ്കരമംഗലം പൊലീസ് സ്റ്റേഷനു മുൻവശം നാഷണൽ ഹൈവേയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് മൂന്നു കാറുകൾ തകർന്നു. കൊല്ലം ഭാഗത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന ഓർഡിനറി ബസാണ് അപകടമുണ്ടാക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഒാടെയായിരുന്നു സംഭവം. ഒരേ ദിശയിൽ പോവുകയായിരുന്ന കാറുകൾക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറുകയായിരുന്നു. കാർ യാത്രികർക്ക് നിസാര പരിക്ക് മാത്രമേയുള്ളൂവെങ്കിലും ബസിന്റെ തൊട്ടു മുന്നിലുണ്ടായിരുന്ന സ്കോഡാ കാർ തകർന്നു. മറ്റു രണ്ടുകാറുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി.