c

മുന്നണി നേതൃത്വത്തിനെതിരെ കേരള കോൺഗ്രസ് പരസ്യ പ്രസ്താവനയുമായി രംഗത്ത്

കൊട്ടാരക്കര : കേരള കോൺഗ്രസ് (ബി)യുടെ തട്ടകമായ കൊട്ടാരക്കരയിൽ ഇടത് മുന്നണിയിൽ ഭിന്നത. മുന്നണി നേതൃത്വത്തിനെതിരെ കേരള കോൺഗ്രസ് പരസ്യ പ്രസ്താവനയുമായി രംഗത്തെത്തി. കൊട്ടാരക്കര നഗരസഭ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസിനാണ്. ജില്ലാ പ്രസിഡന്റ്‌ കൂടിയായ നഗരസഭാ ചെയർമാൻ എ. ഷാജുവിനെ ഒറ്റപ്പെടുത്താൻ സി.പി.എമ്മും സി.പി.ഐയും ശ്രമിക്കുന്നുവെന്നാണ് പരാതി. പുതിയ പദ്ധതികളൊന്നും നടപ്പാക്കാൻ നഗരസഭാ ചെയർമാനെ അനുവദിക്കാറില്ല. നഗരസഭ കമ്മിറ്റിയിൽ ചെയർമാനെടുത്ത നിലപാടിനെതിരെ മുന്നണിയിലുള്ളവർ തന്നെ രംഗത്തെത്തുകയും ചെയ്തു.

മാസങ്ങൾക്ക് മുൻപ് കൊട്ടാരക്കരയിൽ പുതിയ റോഡ് നിർമ്മാണത്തിന് നഗരസഭാ ചെയർമാൻ മുന്നിട്ടിറങ്ങിയപ്പോൾ ബി.ജെ.പി പ്രതിഷേധമുണ്ടാക്കിയിരുന്നു. ഇക്കാര്യത്തിൽ ചില സി.പി.എം നേതാക്കളുടെ ഒത്താശയുണ്ടെന്നും ആക്ഷേപമുയർന്നിരുന്നു. പിന്നീട് മരം മുറി വിവാദത്തിലും സി.പി.എമ്മിലെ ചിലർ ഒളിഞ്ഞ് ആക്രമിക്കുന്ന രീതി തുടർന്നുവെന്നാണ് കേരള കോൺഗ്രസ് നേതാക്കൾ പറയുന്നത്.

താമരക്കുടി സ്വദേശിയായ കേരള കോൺഗ്രസ് പ്രവർത്തകനെ മർദിച്ച സംഭവത്തിൽ കേസെടുക്കാതിരിക്കാനും സി.പി.എം ഇടപെട്ടെന്ന് ആരോപണമുയർന്നിരുന്നു. ഏറ്റവും ഒടുവിൽ നഗരസഭാ കമ്മിറ്റിയിൽ ഗണപതി ക്ഷേത്രം റോഡിൽ വിളക്കുകൾ സ്ഥാപിക്കാനും സൗന്ദര്യവത്കരണം നടത്താനും എ. ഷാജു മുന്നോട്ട് വച്ച പദ്ധതി സി.പി.എമ്മും സി.പി.ഐയും ചേർന്ന് എതിർത്തു. പ്രതിപക്ഷ അംഗങ്ങളും എതിർപ്പിനൊപ്പം ചേർന്നതോടെ ചെയർമാൻ ആക്ഷേപിക്കപ്പെട്ടെന്നാണ് കേരള കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഇത്തരത്തിൽ മുന്നണിയിൽ തുടരേണ്ടെന്ന് മണ്ഡലം കമ്മിറ്റി നേതാക്കൾ പരസ്യപ്രസ്താവനയും ഇറക്കി. മുന്നണിയിൽ ഏറെക്കാലമായി കേരള കോൺഗ്രസിന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നും ഇതിനെപ്പറ്റി ചർച്ച നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി.

ഗണപതി ക്ഷേത്രം റോഡിൽ സൗന്ദര്യവത്കരണം, വിളക്ക് സ്ഥാപിക്കൽ എന്നിവ ദേവസ്വം ബോർഡ് നടപ്പാക്കുമെന്ന് പറഞ്ഞിട്ട് നാളേറെ ആയി. ഒരുപാട് പരാതികൾ ലഭിച്ചപ്പോഴാണ് നഗരസഭ നേരിട്ട് ചെയ്യാം എന്ന് ആലോചിച്ചത്. എന്നാൽ അതിനെ ഒപ്പം നിന്നവർ എതിർക്കും എന്ന് കരുതിയില്ല

എ ഷാജു, ചെയർമാൻ, കൊട്ടാരക്കര നഗരസഭ