 
കൊട്ടാരക്കര : കൊട്ടാരക്കര പട്ടണത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയമായി ട്രാഫിക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനം. തിങ്കളാഴ്ച കൊട്ടാരക്കര നഗരസഭാ ഹാളിൽ ചേർന്ന ട്രാഫിക് അവലോകന യോഗം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ നിരവധി നിർദ്ദേശങ്ങളാണ് ചർച്ചയ്ക്കായി വന്നത്. പട്ടണത്തിലെ അനധികൃത കൈയേറ്റം പൂർണമായും ഒഴിപ്പിക്കണമെന്നും സ്ഥിരമായി ഒരു ട്രാഫിക് അഡ്വൈസറി കമ്മിറ്റിയും ഡെവലപ്പ്മെന്റ് അതോറിട്ടിയും രൂപീകരിക്കണമെന്നും നിർദ്ദേശമുയർന്നു.
ടൗണിലെ പ്രധാന ഉപറോഡുകളിൽ ഗതാഗതസൗകര്യമൊരുക്കുക, കൊല്ലം - ചെങ്കോട്ട റോഡ് വികസിപ്പിക്കുക, പേ ആൻഡ് പാർക്ക് കേന്ദ്രങ്ങൾ വാഹന പാർക്കിംഗിനായി പരമാവധി ഉപയോഗിക്കുക തുടങ്ങിയ നിരവധി വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 25ന് മുമ്പ് ഗതാഗത പരിഷ്കരണത്തിന്റ ഭാഗമായി രൂപരേഖ തയ്യാറാക്കാൻ തീരുമാനിച്ചു. ഇതിന് നഗരസഭ മുൻകൈയെടുക്കും. അറിയിപ്പ് ലഭിച്ചിട്ടും യോഗത്തിൽ പങ്കെടുക്കാതിരുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാനും തീരുമാനമായി. നഗരസഭ ചെയർമാൻ എ. ഷാജു അദ്ധ്യക്ഷനായി. എസ്.എച്ച്.ഒ ജോസഫ് ലിയോൺ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.കെ. ജോൺസൻ, സി. മുകേഷ്, എസ്.ആർ. രമേശ്, ഫൈസൽ ബഷീർ, കെ. ഉണ്ണികൃഷ്ണമേനോൻ, വി. ഫിലിപ്പ്, ജേക്കബ് വർഗീസ് വടക്കടത്ത്, ഇരുകുന്നം മധു, വ്യാപാരി വ്യവസായി പ്രതിനിധികൾ, ആട്ടോ ടാക്സി ഡ്രൈവേഴ്സ് പ്രതിനിധികൾ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കൊട്ടാരക്കര ഡിവൈ.എസ്.പി ആർ. സുരേഷ് സ്വാഗതം പറഞ്ഞു.