 
പുനലൂർ: ആര്യങ്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്ലാറ്റ്ഫോമിൽ ധർണ സംഘടിപ്പിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ശബരിമല സീസണിൽ ആര്യങ്കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ദർശത്തിന് നൂറ് കണക്കിന് ഭക്തരാണ് ട്രെയിൽ മാർഗം നേരത്തേ എത്തിയിരുന്നത്. എന്നാൽ കൊവിഡിനെ തുടർന്ന് നിറുത്തി വച്ചിരുന്ന കൊല്ലം - തെങ്കാശി ട്രെയിൻ ഉൾപ്പെടെയുള്ളവ സർവീസ് ആരംഭിച്ചിട്ടും ആര്യങ്കാവ് സ്റ്റേഷനിൽ നിറുത്തുന്നില്ല. കൊല്ലം വരെയുള്ള വിദ്യാലയങ്ങളിൽ പഠനത്തിനെത്തിയിരുന്ന വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും ട്രെയിനിലായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചിട്ടും ആര്യങ്കാവ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാത്ത റെയിൽവേയുടെ നടപടി പ്രദേശവാസികളെ ദുരിതത്തിലാക്കുന്നതാണ്. സി.പി.എം ആര്യങ്കാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിനു മാത്യു ധർണ ഉദ്ഘാടനം ചെയ്തു. കഴുതുരുട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണൻ, മത്തായി തോമസ്, സിബി കോട്ടവാസൽ, എം.സി. പുന്നൂസ്, പുന്നല രാജു തുടങ്ങിയവർ സംസാരിച്ചു.