v

കൊല്ലം: പള്ളിത്തോട്ടത്ത് സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ജില്ല ജയിൽ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രത്യക്ഷ സമരത്തി​നൊരുങ്ങുകയാണ് പ്രദേശവാസി​കൾ.

ജില്ല ജയിലിൽ കുറഞ്ഞത് 250 കുറ്റവാളികളെങ്കിലും ഉണ്ടാകും. ഇവിടത്തെ കക്കൂസ് മാലിന്യം അവിടെത്തന്നെ താഴ്ത്തുന്നത് പ്രദേശത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. നി​ലവി​ലെ ജില്ല ജയിലിൽ നിന്നു കക്കൂസ് മാലിന്യമടക്കം അഷ്ടമുടക്കായലിലേക്ക് ഒഴുക്കുന്നതായി പരാതിയുണ്ട്. ജയിലിന്റെ തൊട്ടടുത്ത് താമസിക്കുന്നവർക്ക് അസഹ്യമായ ദുർഗന്ധം കാരണം ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടെന്നും പരാതി​ പതി​വാണ്. സമീപത്തെ പുരയിടങ്ങളിലേക്കും ജയിലിൽ നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്നുണ്ട്. ജില്ലാ ജയിൽ ഇങ്ങോട്ടു മാറ്റി​യാൽ ഇതേ പ്രശ്നങ്ങൾ പള്ളിത്തോട്ടത്തും ഉണ്ടാകും. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് പള്ളിത്തോട്ടം. ജില്ലാ ജയിലി​ലെ ആവശ്യങ്ങൾക്കായി​ ജലം ഊറ്റിയെടുത്താൽ പ്രദേശത്തെ കുടിവെള്ള ക്ഷാമം കൂടുതൽ രൂക്ഷമാകും.

ജനസാന്ദ്രത വളരെ ഉയർന്ന പ്രദേശമാണ് പള്ളിത്തോട്ടം. പൊലീസിന്റെ വിലയിരുത്തലിൽ പ്രശ്നബാധിത പ്രദേശങ്ങളും തൊട്ടടുത്തുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ കേന്ദ്രസേന റൂട്ട്മാർച്ച് നടത്തുന്ന സ്ഥലം കൂടി​യാണ്. ഇവി​ടെ ജില്ലാ ജയിൽ സ്ഥാപിക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുമെന്നും ആശങ്കയുണ്ട്. ജില്ല ജയിൽ സ്ഥാപിക്കാൻ നാലര ഏക്കർ സ്ഥലമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ റവന്യു രേഖകൾ പ്രകാരം 4.4 ഏക്കർ ഭൂമിയുമാണ് ഏറ്റെടുത്തിട്ടുള്ളത്. അത്രയും തന്നെ നിലവിലുണ്ടോയെന്ന് അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല.

..............................

പള്ളിത്തോട്ടം ജനസാന്ദ്രത ഏറ്റവും ഉയർന്ന പ്രദേശമാണ്. ജനങ്ങൾ സമാധാനത്തോടെ തിങ്ങിപ്പാർക്കുന്ന സ്ഥലം. ഇവിടെ ജയിൽ വരുന്നതോടെ ജനങ്ങളുടെ സ്വസ്ഥത ഇല്ലാതാകും. തൊട്ടടുത്താണ് സെന്റ് സ്റ്റീഫൻസ് ചർച്ച്. തൊട്ടടുത്ത് ജയിൽ വരുന്നത് ഇവിടത്തെ ആരാധന ക്രമങ്ങളെയും ആഘോഷങ്ങളെയും ബാധിക്കും. കടുത്ത നിയന്ത്രണങ്ങളും പ്രദേശത്തുണ്ടാവും. പിന്നിൽ കടലാണ്. അതും ഗുരുതരമായ സുരക്ഷാ പ്രശ്നം സൃഷ്ടിക്കും

അൽഫോൺസ് പെരേര, കൗമുദി നഗർ പ്രസിഡന്റ്, പള്ളിത്തോട്ടം