t

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷനിലെ നാലു ‌ഡിവിഷനുകളിൽ സി.പി.ഐ സ്ഥാനാർത്ഥികൾ ബി.ജെ.പിയോട് തോറ്റതി​ന് പാർട്ടി​യി​ൽ അച്ചടക്ക നടപടി. തോൽവി അന്വേഷിച്ച പാർട്ടി കമ്മിഷന്റെ റിപ്പോർട്ട് പ്രകാരം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി.ലാലു, സംസ്ഥാന കൗൺസിൽ അംഗം ആർ. വിജയകുമാർ എന്നിവരെ കൊല്ലം സിറ്റിയിലെ സംഘടന ചുമതലകളിൽ നിന്ന് ഒഴിവാക്കി.

ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ജി.കൃഷ്ണദാസ് (ടൗൺ നോർത്ത്), എ.കെ.സോമരാജൻ (ടൗൺ സൗത്ത്), നൗഫൽ (മങ്ങാട്) എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കാനും തീരുമാനിച്ചു.

സിറ്റി സെക്രട്ടേറിയറ്റംഗം എസ്. വിജയൻ, സിറ്റി കമ്മിറ്റി അംഗം എസ്.സജിത്ത്, ലോക്കൽ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായ എൻ.മോഹനൻ എന്നിവരെ താക്കീത് ചെയ്യും. ഇന്നലെ കൂടി​യ ജില്ലാ കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എന്നിവർ പങ്കെടുത്തു. മുൻമന്ത്രിയും പാർട്ടി സംസ്ഥാന കൗൺസിൽ അംഗവുമായ കെ.രാജുവായിരുന്നു അന്വേഷണ കമ്മിഷൻ കൺവീനർ. ജില്ലാ എക്സിക്യുട്ടീവ് അംഗം എസ്.ബുഖാരി, ചാത്തന്നൂർ മണ്ഡലം സെക്രട്ടറി സദാനന്ദൻ പിള്ള എന്നിവർ അംഗങ്ങളും.

കടപ്പാക്കട, ഉളിയക്കോവിൽ, പാലത്തറ, മങ്ങാട് എന്നീ വാർഡുകളിലെ തോൽവിയാണ് കമ്മിഷൻ പരിശോധിച്ചത്. ഇവിടെ നേതാക്കൾക്ക് വീഴ്ചയുണ്ടായതായി പാർട്ടിയിൽ പരാതി ഉയർന്നിരുന്നു. ജില്ലയിൽ സി.പി.ഐയിലെ വിഭാഗീയത രൂക്ഷമായ പ്രദേശമാണ് കോർപ്പറേഷൻ. മങ്ങാട് വാർഡിൽ സി.പി.ഐ സിറ്റി കമ്മിറ്റി സെക്രട്ടറിയായ എ.ബിജുവാണ് തോറ്റത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള കടപ്പാക്കടയിൽ ബി.ജെ.പി വിജയിച്ചതും ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. തോൽവി അന്വേഷിച്ച കമ്മിഷന് മുന്നിൽ നഗരസഭയിലെ ക്രമക്കേടുകൾ സംബന്ധിച്ച് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വിവിധ വാർത്തകളും പാർട്ടി അംഗങ്ങൾ ഹാജരാക്കിയിരുന്നു. ചില നേതാക്കൾക്ക് നേരെ ഉയർന്ന അഴിമതി ആരോപണങ്ങളാണ് പരാജയത്തിന്റെ കാരണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ഒരുപറ്റം നേതാക്കൾ പ്രവർത്തനത്തിൽ നിന്നു വിട്ടുനിന്നതാണ് തോൽവിയിൽ കലാശിച്ചതെന്ന് മറുപക്ഷം ആരോപിക്കുന്നു.