ഒാച്ചിറ: ഹരിതകർമ്മസേന വീടുവീടാന്തരം കയറി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുമ്പോഴും ഓച്ചിറ മുതൽ വവ്വാക്കാവ് വരെ ദേശീയപാതയോരത്ത് പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കൂമ്പാരം. നാല് വർഷമായി ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്നുണ്ടെങ്കിലും ഓച്ചിറയിലെ വ്യാപാരസ്ഥാപനങ്ങളുടെ സഹകരണം കുറവായതാണ് പദ്ധതി പരാജയപ്പെടാൻ കാരണം.
ഹരിതകർമ്മ സേന
പഞ്ചായത്ത് പ്രദേശം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഓച്ചിറ ഗ്രാമ പഞ്ചായത്തിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനം ആരംഭിച്ചത് 2019 ജനുവരി ഒന്നിനാണ്. ഹരിത കർമ്മസേന പ്രവർത്തകർ എല്ലാമാസവും വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ പ്രതിമാസം 30 രൂപ വീടുകളിൽ നിന്നും 50 രൂപ ചെറിയ കടകളിൽ നിന്നും 100 രൂപ വലിയകടകളിൽ നിന്നും ഫീസായി ഇൗടാക്കിയിരുന്നു. ഇപ്പോൾ വീടുകളിൽ നിന്ന് ഈടാക്കുന്നത് 50 രൂപയാണ്. അയ്യാണിക്കൽ മജീദ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ മുൻ എം.എൽ.എ ആർ. രാമചന്ദ്രനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പ്രക്ഷോഭം സംഘടിപ്പിക്കാൻ നാട്ടുകാർ
റോഡിൽ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് കെട്ടിക്കിടക്കുന്നതിനാൽ ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകുമെന്നാണ് നാട്ടുകാർ പറയുന്നത്. ശുചീകരണപ്രവർത്തനങ്ങൾ നടത്താത്ത പഞ്ചായത്ത് അധികൃതർക്കെതിരെ സമരപരിപാടികൾ നടത്താനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.
മാലിന്യം തള്ളാൻ പ്രത്യേക സംഘങ്ങൾ
മാലിന്യം തള്ളുന്നതിനായി പ്രത്യേകസംഘങ്ങൾ ഒാച്ചിറയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവർ കരാറടിസ്ഥാനത്തിലാണ് കച്ചവടസ്ഥാപനങ്ങൾ, ഒാഡിറ്റോറിയങ്ങൾ, അറവുശാലകൾ എന്നിവിടങ്ങളിൽ നിന്ന് മാലിന്യങ്ങൾ ഏറ്റെടുത്ത് റോഡരികിൽ തള്ളുന്നത്. രാത്രിയിൽ മാലിന്യനിക്ഷേപം നടത്താൻ ക്വട്ടേഷൻ സംഘങ്ങളുടെ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ട്. കക്കൂസ് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ തള്ളുന്നത് ഇവരുടെ പിൻബലത്തിലാണ്. ഓച്ചിറ കുഴുവേലിൽമുക്കിൽ നിന്ന് പഞ്ചായത്ത് ഒാഫീസിലേക്കെത്തുന്ന റോഡും ദേശീയപാതയിൽ കല്ലൂർമുക്കിനും പള്ളിമുക്കിനുമിടയിലും വലിയകുളങ്ങര ദേവീക്ഷേത്രത്തിന് മുൻവശത്തുമാണ് ഇവർ പ്രധാനമായും മാലിന്യം തള്ളുന്നത്. ഹോട്ടൽ വേസ്റ്റ് മുതൽ അറവുശാലകളിലെ അവശിഷ്ടങ്ങൾവരെ ഇത്തരത്തിൽ റോഡരികിൽ തള്ളുന്നുണ്ട്.
പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം സംസ്കരിക്കുന്നതിനായി പദ്ധതികളും ചർച്ചാ പരിപാടികളും പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുമ്പോഴും കൺമുന്നിലെ മാലിന്യനിക്ഷേപം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും അറവുശാലകളും മാലിന്യസംസ്കരണത്തിന് സ്വന്തം സംവിധാനങ്ങളുണ്ടാക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശം. എന്നാൽ ഇത് നടപ്പിലാക്കേണ്ട പഞ്ചായത്ത് അധികൃതർ കണ്ണചട്ട് ഇരുട്ടാക്കുകയാണ്. സംസ്ഥാന ഗവൺമെന്റിന്റെ മാലിന്യ സംസ്കരണ ഉത്തരവുകൾ പാലിക്കാത്ത കച്ചവടസ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാനും പിഴ അടക്കമുള്ള നിയമനടപടി സ്വീകരിക്കാനും പഞ്ചായത്ത് സെക്രട്ടറിമാർക്ക് അധികാരമുണ്ടെങ്കിലും അവർ അത് ഉപയോഗിക്കാറില്ല.
പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് മാലിന്യം റോഡരികിൽ തള്ളുന്നത്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങളുടെ ദുർഗന്ധം മൂലം മൂക്ക് പൊത്തി മാത്രമേ റോഡിലേക്ക് ഇറങ്ങാൻ സാധിക്കൂ.
എച്ച്.എസ്. ഗണേശ് ബാബു, അക്വാ ആൻഡ് പെറ്റ്സ് പാരഡൈസ് ഉടമ, വലിയകുളങ്ങര
റോഡരികിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി പഞ്ചായത്ത് അധികൃതരെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും ജനങ്ങളുടെ നിസഹകരണം മൂലം പരാജയപ്പെടുകയായിരുന്നു. മാലിന്യനിക്ഷേപത്തിനായി പ്രത്യേകവിഭാഗങ്ങൾ പ്രവർത്തിക്കുന്നതായി മനസിലാക്കുന്നുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി പൊതുജന പങ്കാളിത്തത്തോടെ ദേശീയ പാതയോരങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കും.
ജി. രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി