 
കുന്നിക്കോട് : തലവൂർ പഞ്ചായത്തിലെ അമ്പലനിരപ്പിൽ നിന്ന് പുനലൂർ ചാലിയക്കരയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനരാരംഭിച്ചു. ഒരു വർഷത്തിലധികമായി ബസ് സർവീസ് നിറുത്തിവച്ചിരിക്കുകയായിരുന്നു. ദിനംപ്രതി സ്കൂൾ വിദ്യാർത്ഥികളും ജോലിക്ക് പോകുന്നവരും ഉൾപ്പടെ നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് സർവീസാണിത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വരുമാനത്തിൽ വന്ന കുറവുമൂലമാണ് ബസ് സർവീസ് നിറുത്തിയത്. നിലവിൽ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് നാട് കരകയറുന്ന വേളയിൽ സ്കൂളുകൾ ഉൾപ്പടെയുള്ള മിക്ക സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യം പരിഗണിച്ചാണ് സർവീസ് പുനരാരംഭിച്ചത്. ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ള പുനലൂർ എ.ടി.ഒ.യെ നേരിൽ കണ്ട് ബസ് സർവീസിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുകയും സർവീസ് പുനരാരംഭിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനൊപ്പം പട്ടാഴിയിൽ നിന്ന് പാണ്ടിതിട്ട വഴി പുനലൂരിലേക്ക് പോകുന്ന മറ്റൊരു ബസ് സർവീസും പുനരാരംഭിച്ചു. സ്റ്റേ ബസായതിനാൽ ജീവനക്കാർക്ക് രാത്രിയിൽ താമസിക്കാനുള്ള സൗകര്യമില്ലാത്തതും കൊവിഡ് പ്രതിസന്ധിയുമാണ് ബസ് സർവീസ് നിറുത്താൻ ഇടയാക്കിയത്.