harison
കൊല്ലം പള്ളിതോട്ടത്തെ ഹാരിസൺ എസ്റ്റേറ്റിന്റെ കൈവശമുള്ള ഭൂമി റവന്യൂ അധികൃതർ ഏറ്റെടുത്ത് സർക്കാറിനു വേണ്ടി ബോർഡ് സ്ഥാപിക്കുന്നു

കൊല്ലം: പള്ളിത്തോട്ടത്ത് സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ജയിൽ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം രൂക്ഷം. റസിഡന്റ്സ് അസോസിയേഷൻ, വിവിധ രാഷ്ട്രീയ, സാമൂഹ്യ പ്രസ്ഥാനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ സമരം തുടങ്ങും. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയുടെ സ്വസ്ഥത തകർക്കാൻ സർക്കാർ വകുപ്പുകൾ ബോധപൂർവ്വമായ നീക്കം നടത്തുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.

ഭൂമി ജയിൽ സമുച്ചയം നിർമ്മിക്കാൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ജില്ല ജയിൽ സൂപ്രണ്ട് എ.ബി. അൻസർ ഇന്നലെ കളക്ടർക്ക് അപേക്ഷ നൽകി. കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും. സർക്കാരാണ് തീരുമാനമെടുക്കുക. സെല്ലുകൾക്ക് പുറമേ, കാന്റീൻ, ജയിൽ അന്തേവാസികളെ കൊണ്ട് പണിയെടുപ്പിക്കാനുള്ള മാനുഫാക്ചറിംഗ് യൂണിറ്റുകൾ, വർക്ക് ഷോപ്പുകൾ, ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് എന്നിവയും ജയിൽ അധികൃതർ ലക്ഷ്യമിടുന്നുണ്ട്. പള്ളിത്തോട്ടത്തെ ഭൂമി നേരത്തേതന്നെ ജില്ലാ ജയിൽ അധികൃതർ ലക്ഷ്യം വച്ചിരുന്നു. ഭൂമിയുടെ ചരിത്രം മനസിലാക്കിയ ജയിൽ അധികൃതർ ഇക്കാര്യം റവന്യു വകുപ്പിനെ അറിയിച്ചു. തുടർന്നാണ് റവന്യു വകുപ്പ് സ്ഥലം ഏറ്റെടുത്തത്.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ്. ദേവാലായത്തോട് ചേർന്നു ജയിൽ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഭൂമിയുടെ തൊട്ടടുത്തായി സ്കൂളുമുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനപ്പെടുന്ന സംവിധാനമാണ് സ്ഥലത്ത് ഉണ്ടാകേണ്ടത്

ജെ. ഫ്രാൻസിസ്, മുൻ കൈക്കാരൻ, തോപ്പ് സെന്റ് സ്റ്റീഫൻസ് ചർച്ച്

............................

 തീരുമാനത്തിൽ നിന്നു പിന്മാറണം: ബിന്ദുകൃഷ്ണ

പള്ളിത്തോട്ടത്ത് ജയിൽ നിർമ്മിക്കാനുള്ള തീരുമാനത്തിൽ നിന്നു സർക്കാർ പിന്മാറണമെന്ന് എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രത്തിൽ ജയിൽ വരുമ്പോൾ ജനജീവിതം ദുസഹമാക്കും. ജയിൽ നിർമ്മിക്കാൻ സർക്കാർ ഏറ്റെടുത്തിരിക്കുന്ന ഭൂമിയുടെ ഒരു വശത്ത് ആരാധനാലയമാണ്. ഇവിടെ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ ദൈനം ദിനം എത്തുന്നതാണ്. അവരുടെയും സുരക്ഷയും ആരാധനാലയത്തിന്റെ വിശുദ്ധിയും കാത്തുസംരക്ഷിക്കണം. ജില്ലയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് തീരദേശവാസികൾ. സർക്കാരിന്റെ കപടവാഗ്ദാനങ്ങൾക്ക് നിരവധി തവണ ഇരയായവരാണ് അവർ. ജയിലിന് അനുമതി നൽകുന്നത് മത്സ്യത്തൊഴിലാളികളോടുള്ള ദ്രോഹങ്ങളുടെ മറ്റൊരു പതിപ്പാണെന്നും ബിന്ദുകൃഷ്ണ കുറ്റപ്പെടുത്തി.