കരുനാഗപ്പള്ളി : രാത്രിയിലെ ശക്തമായ വേലിയേറ്റത്തെ തുടർന്ന് കായൽത്തീരങ്ങളിൽ താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാകുന്നു. വേലിയേറ്റ സമയത്ത് കടലിൽ നിന്ന് ഇരച്ചെത്തുന്ന ഉപ്പുവെള്ളമാണ് ഇപ്പോഴത്തെ ദുരവസ്ഥയുടെ മുഖ്യകാരണം. ടി.എസ്. കനാൽ, പള്ളിക്കലാർ, കരുനാഗപ്പള്ളി ചന്തക്കാലൽ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവരുടെ പുരയിടങ്ങളിലേക്കും വീടുകളിലേക്കുമാണ് ഉപ്പുവെള്ളം കയറുന്നത്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വേലിയേറ്റമുണ്ടാകുന്നത്. അർദ്ധരാത്രിയോടെ ആരംഭിക്കുന്ന വേലിയേറ്റം പുലർച്ചയോടെയാണ് അവസാനിക്കുക. വേലിയേറ്റം തുടങ്ങിയാൽ നേരം പുലരുവോളം തീരങ്ങളിൽ താമസിക്കുന്നവർക്ക് ഉറക്കമുണ്ടാവില്ല. വീട്ടിൽ ഉപ്പുവെള്ളം കയറുമ്പോൾ നാട്ടുകാർ സുരക്ഷത സ്ഥലങ്ങളിലേക്ക് മാറും.
ധനുപ്പരപ്പ്
ധനുമാസത്തിലെ വേലിയേറ്റത്തെ ധനുപ്പരപ്പ് എന്നാണ് പഴമക്കാർ വിളിച്ചിരുന്നത്. വേലിയേറ്റം അവസാനിച്ചാലും വെള്ളത്തിന്റെ നിരപ്പ് താഴാതെ തന്നെ നിൽക്കും. കായലിനോട് ചേർന്നുകിടക്കുന്ന തോടുകൾവഴി ഒഴുകിയെത്തുന്ന ഉപ്പുവെള്ളം ഉൾപ്രദേശങ്ങളിലും നാശം വിതക്കും. തോടുകൾ കായലുമായി ചേരുന്ന ഭാഗത്ത് ഉപ്പുവെള്ളത്തെ തടഞ്ഞ് നിറുത്താനുള്ള ചീപ്പുകളില്ലാത്തതാണ് ഉൾപ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളം കയറാൻ കാരണം.
വ്യാപക കൃഷിനാശം
ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് കരനെൽകൃഷിയും ഇടവിളകൃഷികളും പൂർണമായും നശിച്ചു. പച്ചക്കറികൾക്കും വ്യാപകമായ നാശം സംഭവിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയുടെ തീരപ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിനെ തുടർന്നുള്ള പ്രതിസന്ധി അതിരൂക്ഷമാണ്. ശുദ്ധജല സ്രോതസുകളായ കിണറുകളും കുളങ്ങളും മറ്റ് ജലാശയങ്ങളും ഉപ്പുവെള്ളം കയറുമെന്ന ഭീഷണിയിലാണ്.
ചീപ്പ് തകർന്നു, കിഴക്കൻ മേഖലകളിലേക്കും ഉപ്പുവെള്ളം കയറുന്നു
കരുനാഗപ്പള്ളി നഗരസഭ ഒന്നാം ഡിവിഷനിലെ മണ്ണേൽക്കടവ് ഭാഗത്ത് ഉപ്പുവെള്ളം കയറുന്നത് തടയാൻ വർഷങ്ങൾക്ക് മുമ്പ് ചീപ്പ് നിർമ്മിച്ചിരുന്നു. അത് നശിച്ചതോടെ ഇതുവഴി കിഴക്കൻ മേഖലകളിലേക്ക് വ്യാപകമായി ഉപ്പുവെള്ളം കയറുകയാണ്. ആലുംകടവ് മാർക്കറ്റിന് സമീപത്തായുള്ള ചെറിയ തോട് വഴിയും ഉൾപ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നുണ്ട്. ടി.എസ് കനാലിന്റെ ഇരു വശങ്ങളിലുമുള്ള തീര സംരക്ഷണ ഭിത്തി ഉയർത്തിയാൽ മാത്രമേ ഉപ്പ് വെള്ളം കായലിൽ നിന്ന് കരയിലേക്ക് കയറുന്നത് തടയാൻ സാധീക്കൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഓരോവർഷം കഴിയുമ്പോഴും വേലിയേറ്റത്തിന്റെ ശക്തി വർദ്ധിക്കുകയാണ്.
ആനന്ദൻ, മുൻ കടത്തു ജീവനക്കാരൻ