navas
കണത്താർകുന്നം ഗവ. എൽ.പി.എസിലെ ചുറ്റുമതിൽ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ

ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട കണത്താർകുന്നം ഗവ. എൽ.പി.എസിലെ ചുറ്റുമതിൽ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതായി പരാതി. സ്കൂളിന്റെ ചുറ്റുമതിൽ പുനർ നിർമ്മിക്കുന്നതിനായി പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് നാലു ലക്ഷം രൂപ വകയിരുത്തിയാണ് നിർമ്മാണം തുടങ്ങിയത്. മതിൽ നിർമ്മാണം പൂർത്തിയായി ഒരു മാസമായിട്ടും ഗേറ്റ് സ്ഥാപിക്കാൻ കരാറുകാരൻ തയ്യാറായില്ല. ഗേറ്റില്ലാത്തതിനാൽ കുട്ടികളും അദ്ധ്യാപകരുമാണ് ദുരിതത്തിലായത്. പ്രധാന പാതയ്ക്ക് വശത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുട്ടികൾ റോഡിലിറങ്ങിയാൽ അപകട സാദ്ധ്യത കൂടുതലാണ്. തെരുവ് നായ്ക്കളുടെ ശല്യമുള്ളതിനാൽ കുട്ടികളെ ക്ലാസ് റൂമിന് പുറത്ത് ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. സ്കൂളിന്റെ പ്രവേശന കവാടത്തിന്റെ ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് ഗേറ്റ് സ്ഥാപിക്കണമെന്ന് അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.