 
കൊല്ലം: നിരത്തിൽ കാതടപ്പിക്കുന്ന ഹോൺ മുഴക്കുന്ന വാഹനങ്ങൾക്ക് പണികൊടുക്കാൻ നാട്ടുകാർക്കും അവസരം. വാഹനത്തിന്റെ നമ്പർ ആർ.ടി.ഒയുടെ വാട്സ് ആപ് നമ്പറിലേക്ക് ഒന്ന് സെന്റ് ചെയ്തിട്ട് കാര്യം പറഞ്ഞാൽ മതി, നടപടി ഉടൻ!. എയർ ഹോൺ മുഴങ്ങുമ്പോൾ കേവലം അസ്വസ്ഥത മാത്രമല്ല, ശാരീരികവും മാനസികവുമായ പലവിധ പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നുണ്ട്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊള്ളുള്ള കാൽവയ്പാണ് ജില്ലയിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ഇന്ന് തുടങ്ങുന്നത്. പരമാവധി 82 ഡെസിബൽ മാത്രമാണ് അനുവദിക്കപ്പെട്ടിരിക്കുന്ന ശബ്ദപരിധി. ഇത് ലംഘിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരെയാണ് കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പിന്റെ ടീം രംഗത്തിറങ്ങുന്നത്. കൊല്ലം പട്ടണത്തിൽ നേരത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിരത്തിലിറങ്ങി 105 വാഹനങ്ങൾക്കെതിരെ കേസെടുത്തിരുന്നു. 74,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. എന്നാൽ ഇന്നുമുതൽ 'ഓപ്പറേഷൻ ഡസിബൽ' എന്ന പദ്ധതിയുമായി കൂടുതൽ ശക്തമായ ഇടപെടൽ നടത്താനാണ് തീരുമാനം. കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, അഞ്ചൽ, പുനലൂർ എന്നീ പ്രധാന പട്ടണങ്ങളിലാണ് പരിശോധന ശക്തമാക്കുന്നത്. ഇതിനായി മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരും അസി.വെഹിക്കിൾ ഇൻസ്പക്ടർമാരും അടങ്ങുന്ന ആറ് ടീമുകളെ ശക്തമാക്കിയിട്ടുണ്ട്.
വാഹനം കൈ കാണിച്ച് നിറുത്തില്ല
നിരത്തിൽ പരിശോധനയ്ക്കായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉണ്ടാകുമെങ്കിലും എയർ ഹോൺ സംബന്ധമായ കാര്യത്തിന് വാഹനങ്ങൾ കൈകാണിച്ച് നിറുത്തില്ല. യൂണിഫോമിലല്ലാതെ പലയിടങ്ങളിലും ഉദ്യോഗസ്ഥരുണ്ടാകും. എയർഹോൺ മുഴക്കുന്ന വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്ത് കേസെടുക്കും. ആദ്യഘട്ടമെന്ന നിലയിൽ വാഹന ഉടമയെ ഫോണിൽ ബന്ധപ്പെട്ട് ഏഴ് ദിവസത്തിനകം എയർ ഹോൺ നീക്കം ചെയ്ത് വാഹനം ഹാജരാക്കാൻ ആവശ്യപ്പെടും. തുടർന്നും ആവർത്തിച്ചാലോ ഹാജരാകാതിരുന്നാലോ കർശന നടപടികളിലേക്ക് തിരിയും. എയർ ഹോൺ മുഴക്കുന്ന വാഹനങ്ങളുടെ നമ്പരുകൾ നോട്ട് ചെയ്ത് എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ 9447762233 എന്ന നമ്പരിലേക്ക് വാട്സ് ആപ് ചെയ്താൽ ഉടൻതന്നെ നടപടിയുണ്ടാകും. പരാതി നൽകുന്നയാളുടെ വിവരങ്ങൾ പരസ്യപ്പെടുത്തില്ല.
എയർഹോണുണ്ടാക്കുന്ന ആരോഗ്യ- മാനസിക പ്രശ്നങ്ങൾ ചെറുതല്ല. ട്രാഫിക് ബ്ളോക്കുണ്ടാകുമ്പോൾ ഹോണടി ശബ്ദങ്ങൾ വലിയ ബുദ്ധിമുട്ടുണ്ടാക്കും. ഇനി കർശന നടപടിയെടുക്കാനാണ് തീരുമാനം. റൂട്ടുകളിലെ മത്സ്യ വില്പനക്കാർ കാതടപ്പിക്കുന്ന ഹോണുകൾ ഉപയോഗിക്കുന്നെന്ന പരാതിയുണ്ട്. കർശന നടപടി കൈക്കൊള്ളും.
എ.കെ.ദിലു, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ, കൊല്ലം