photo
രാജമണി ഹോട്ടലിലെ അടുക്കളയിൽ വിഭവങ്ങളൊരുക്കുന്നു

കാെല്ലം: മസാലക്കൂട്ടിന്റെ മണംനിറയുന്ന അടുക്കളയിൽ രാജമണി തിരക്കിലാണ്. മീൻകറി തയ്യാറായാലുടൻ നാടൻ കോഴിക്കറിയ്ക്കുള്ള തുടക്കം. ഒറ്റയിരുപ്പിലിരുന്ന് ഉച്ചയൂണിനുള്ള വിഭവങ്ങൾ ഒരുക്കും. ഇടയ്ക്ക് ആരെങ്കിലും സഹായത്തിനെത്തും, മറ്റൊരിടത്തേക്ക് പിടിച്ചിരുത്താൻ. കണ്ണനല്ലൂർ എ.കെ ഹോട്ടലിലെ പ്രധാനപാചകക്കാരനാണ് അമ്പത്തിയൊന്നുകാരനായ രാജമണി. മൂന്നാംവയസിൽ പോളിയോ ബാധിച്ച് ഇരുകാലുകൾക്കും ബലക്ഷയം സംഭവിച്ചതാണ്. നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകേണ്ടിയിരുന്ന ജീവിതത്തിൽ നിന്ന് മികച്ച പാചകക്കാരനായി രാജമണി മാറിയത് പതിനെട്ടാംവയസിലാണ്. വീട്ടിലെ അടുക്കളയിൽ നിന്ന് തുടങ്ങിയ പാചകകല ഇന്ന് കണ്ണനല്ലൂരുകാരുടെ ഇഷ്ടവിഭവങ്ങളൊരുക്കുന്ന നിലയിലേക്ക് മാറി. പുലർച്ചെ ആറിന് ഹോട്ടലിന്റെ അടുക്കളയിലെത്തിയാൽ വൈകിട്ട് 7നാണ് വീട്ടിലേക്കുള്ള മടക്കം. ഹോട്ടലിലേക്ക് ആവശ്യമായ രുചിവിഭവങ്ങളൊരുക്കുമ്പോൾ രാജമണി വൈകല്യം മറക്കും. കാരണം ഇവിടെ നിന്ന് കിട്ടുന്ന വരുമാനത്തിലാണ് നാലഞ്ച് വയറുകളുടെ വിശപ്പകറ്റാൻ!

പെയ്തൊഴിയാതെ ദുരിതങ്ങൾ

മുഖത്തല കീഴാവൂർ ഗീതാഭവനത്തിൽ രാമകൃഷ്ണന്റെയും രുഗ്മിണി അമ്മയുടെയും മകനാണ് രാജമണി. ഏഴ് സഹോദരങ്ങളുള്ളതിൽ ഒരാൾ നേരത്തേ മരിച്ചു. ചെത്തുതൊഴിലാളിയായ അച്ഛൻ ഇരുപത്തിയഞ്ച് വർഷം മുൻപ് മരണപ്പെട്ടു. ഇളയ സഹോദരിയുടെ വിവാഹത്തിനായി കുടുംബത്തിന് സ്വന്തമായുണ്ടായിരുന്ന അഞ്ചുസെന്റ് ഭൂമിയുംവിറ്റു. ഇപ്പോൾ ഇളമ്പള്ളൂർ പഞ്ചായത്തിൽ നെടുമ്പനയോട് ചേരുന്ന പതിനാലാം വാർഡിലാണ് രാജമണിയും കുടുംബവും താമസിക്കുന്നത്. വാടകയില്ലാതെ തത്കാലം താമസിക്കാനായി പെരുമ്പുഴ താഴത്ത് ബിജുവില്ലയിൽ ബിജുബേബി നൽകിയ വീട്ടിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. അമ്മ രുഗ്മിണി അമ്മയ്ക്ക് (80) ഇരു കണ്ണുകൾക്കും കാഴ്ചയില്ല, വാർദ്ധക്യത്തിന്റെ അവശതകളും ഏറെയുണ്ട്. സഹോദരി സിന്ധു (42) മാനസികാസ്വാസ്ഥ്യമുള്ളയാളാണ്. മറ്റൊരു സഹോദരി ബിന്ദുവിന് (40) കിഡ്നി സംബന്ധമായ രോഗമാണ്. ഭർത്താവും ഉപേക്ഷിച്ചുപോയി. സഹോദരൻ സജു (47) രണ്ടുവർഷം മുൻപ് രക്തസമ്മർദ്ദത്താൽ കുഴഞ്ഞുവീണു. വിദഗ്ദ്ധചികിത്സ ലഭിക്കാതെ ശരീരം തളർന്ന് വീട്ടിൽ തീർത്തും കിടപ്പിലാണ്. ഒരു കുടുംബത്തിലെ എല്ലാവരും രോഗങ്ങളോട് മല്ലിട്ട് ദുരിതത്തിലായപ്പോൾ തന്റെ വൈകല്യങ്ങളെ മറന്ന് രാജമണിയ്ക്ക് കഠിനാധ്വാനം ചെയ്യേണ്ടി വരുകയാണ്.

ദിവസവും കിലോമീറ്ററുകൾ താണ്ടി ഓട്ടോയിലാണ് രാജമണി ഹോട്ടൽ ജോലിയ്ക്കായി പോകുന്നതും വരുന്നതും. ഈ ഇനത്തിൽ വലിയ തുക നഷ്ടമാകുന്നുണ്ട്. ഒരു മുച്ചക്ര സ്കൂട്ടറിന് അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ല.