railway

കൊല്ലം: ട്രെയിൻ യാത്രികരുടെ ദുരിതങ്ങൾ അവസാനിക്കുന്നില്ല. കുത്തിനിറച്ച കോച്ചുകളിൽ കാലുകുത്താനിടമില്ലാതെ അവർ യാത്ര തുടരുകയാണ്. യാത്രയിലെ ദുരിതങ്ങൾ പല തവണ നിരത്തിയിട്ടും അറിഞ്ഞ ഭാവമില്ല റെയിൽവേ മേലാളന്മാർക്ക്. ഭൂരിപക്ഷം കോച്ചുകളും ജനറലാക്കി സർവീസ് നടത്തിയിരുന്ന വഞ്ചിനാട്, വേണാട്, ഇന്റർസിറ്റി എക്പ്രസുകളിൽ ഇപ്പോൾ യാത്രക്കാർ അനുഭവിക്കുന്നത് കടുത്ത ദുരിതമാണ്. മണിക്കൂറുകൾ നീണ്ട നിൽപ്പ്,​ ഓഫീസിലെത്താൻ വൈകുന്നു.

വഞ്ചിനാട് രാവിലെ കോട്ടയത്ത് എത്തുമ്പോൾ തന്നെ സീറ്റുകൾ നിറഞ്ഞിരിക്കും. ചവിട്ടുപടിയിലും ടോയ് ലറ്റ് ഇടനാഴിയിലും മൂന്നര മണിക്കൂറിലധികം നിന്ന് തിരിയാൻ പോലും കഴിയാതെ യാത്ര തുടരുകയേ പിന്നെ നിവൃത്തിയുള്ളൂ. കൊവിഡ് വകഭേദമായ ഒമിക്രോണിനെതിരെ രാജ്യങ്ങൾ ശക്തമായ മുൻകരുതൽ സ്വീകരിക്കുമ്പോഴാണ് റെയിൽവേയുടെ ഈ അഭ്യാസം എന്ന് ഓർക്കണം!

മെമുവും പാസഞ്ചറുമില്ല

ജനറൽ കോച്ച് കണികാണാനില്ല !

കൊവിഡിന് മുമ്പ് സർവീസ് നടത്തിക്കൊണ്ടിരുന്ന മെമു, പാസഞ്ചർ ട്രെയിനുകൾ ഓടാത്തതും മലബാർ, മാവേലി, ശബരി പോലെ ഓഫീസ് സമയം പാലിക്കുന്ന ട്രെയിനുകളിൽ ജനറൽ കോച്ചുകൾ അനുവദിക്കാത്തതുമാണ് അൺ റിസർവ്ഡ് ട്രെയിനുകളിലെ യാത്ര ദുരിതമയമാക്കിയത്. നൂറുശതമാനം ജനറൽ കൊച്ചുകളുമായി സർവീസ് നടത്തിക്കൊണ്ടിരുന്ന മംഗലാപുരം - കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്സിൽ ഇപ്പോൾ ഒരു കോച്ച് പോലും അൺ റിസർവ്ഡില്ല. അത്യാവശ്യത്തിന് രാത്രി യാത്ര ചെയ്യേണ്ടി വരുന്നവരിൽ നിന്ന് യാത്രാക്കൂലിയുടെ ഇരട്ടിയും അതിലേറെ പിഴയായും ഈടാക്കി റെയിൽവേയുടെ കൊളളയടി തുടരുകയുമാണ്.

അവഗണന ഇങ്ങനെ

 യാത്രക്കാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി വെട്ടി ചുരുക്കി

 മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പൂർണ്ണമായും റദ്ദാക്കി

 സീസൺ യാത്രകൾ പേരിലൊതുക്കി

 പാസഞ്ചർ സർവീസുകൾ നാലിലൊന്നാക്കി

 പാസഞ്ചർ നിരക്കുകൾ ഒഴിവാക്കി,​ എക്സ്പ്രസ്സ്‌ നിരക്കുകൾ കർശനമാക്കി

 ഹാൾട്ട് സ്റ്റേഷനുകളടക്കം പല സ്റ്റേഷനും റെയിൽവേ മാപ്പിൽ നിന്ന് മായിച്ചു കളഞ്ഞു

 ഓഫീസ് സമയം ഒഴിവാക്കി പുതിയ സമയപരിഷ്കരണം നടപ്പാക്കി

 ട്രെയിനുകൾ അശാസ്ത്രീയമായി പിടിച്ചിട്ട് ചരക്ക് വണ്ടികളെയും ബൈ വീക്കിലി എക്സ്പ്രസ്സുകളെയും കടത്തി വിടുന്നത് പതിവാക്കി

 ലോക്കോ പൈലറ്റിന്റെ ഒഴിവുകൾ നികത്താൻ നടപടിയില്ല

കൊവിഡിനെ റെയിൽവേ ശരിക്കും മുതലാക്കുകയായിരുന്നു. സീസൺ ടിക്കറ്റുകാരോട് ചിറ്റമ്മ നയമാണ്.

മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകും. ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തിന് തടസം നിൽക്കുന്ന തീരുമാനങ്ങളിൽ നിന്ന് പിന്മാറണം.

ലിയോൺസ്, സെക്രട്ടറി
ഫ്രണ്ട്സ് ഓൺ റെയിൽസ്