v
സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് സംഘം കണ്ണങ്കാട് പാലത്തിനായി ശാസ്ത്രീയ പഠനം നടത്തുന്നു

കൊല്ലം: കൊല്ലം, കുന്നത്തൂർ താലൂക്കുകളെ ബന്ധിപ്പിക്കുന്ന കണ്ണങ്കാട് പാലത്തിന്റെ സോഷ്യൽ ഇംപാക്ട് അസസ്മെന്റ് പഠനത്തിനായി തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് ഇന്നലെ സ്ഥലം സന്ദർശിച്ചു. നിർദിഷ്ട പാലം നിർമ്മിക്കുന്ന കല്ലടയാറിന്റെ ഇരുകരകളും സന്ദർശിച്ച സംഘത്തിൽ റവന്യൂ വകുപ്പ്, കിഫ്ബി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ഏജൻസി തയ്യാറാക്കുന്ന കരട് റിപ്പോർട്ട് വെബ് സൈറ്റിലും കളക്ടറേറ്റിലും പഞ്ചായത്തിലും പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ട കക്ഷികളെയും അധികാരികളെയും ഉൾപ്പെടുത്തി ജനങ്ങളുടെ അക്ഷേപങ്ങളും അഭിപ്രായങ്ങളും കേട്ട് ഭൂമി വില ഉൾപ്പടെയുള്ള ശുപാർശകൾ സർക്കാരിലേക്ക് സമർപ്പിക്കും. തുടർന്ന് ഭൂ ഉടമകളുമായി ധാരണയിലെത്തി പാലത്തിന്റെ ടെൻഡർ നടപടികളിലേക്ക് പ്രവേശിക്കും.

കൊന്നയിൽ കടവ് പാലത്തിന്റെ അപ്രോച്ച് റോഡ്, കുണ്ടറ മൺറോത്തുരുത്ത് റോഡ്, പടിഞ്ഞാറേക്കല്ലട ബണ്ട് റോഡ് എന്നിവയുമായി ബന്ധിപ്പിച്ച് കാരാളിമുക്കിൽ വണ്ടിപ്പെരിയാർ ഹൈവേയുമായി വേഗത്തിൽ ബന്ധപ്പെടുന്ന രീതിയിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. നിർമ്മാണം പുരോഗമിക്കുന്ന പെരുമൺ പാലം വഴി നാഷണൽ ഹൈവേ 183 എയ്ക്കും നാഷണൽ ഹൈവേ 544നും ഒരു ബൈപ്പാസായി മൺറോത്തുരുത്ത് ഇടനാഴി രൂപം കൊള്ളും.

പടിഞ്ഞാറേ കല്ലട, മൺറോത്തുരുത്ത് വില്ലേജുകളിൽ നിന്നായി 146 സെന്റ് ഭൂമി പാലത്തിനും അനുബന്ധ റോഡിനുമായി ഏറ്റെടുക്കേണ്ടിവരും.

24.21കോടിയുടെ ഭരണാനുമതി

പാലം നിർമ്മിക്കാൻ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 24.21കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കല്ലടയാറിന്റെ ഇരുകരകളിലുമുള്ള പടിഞ്ഞാറേ കല്ലട, മൺറോത്തുരുത്ത് പഞ്ചായത്തുകളെ പാലം ബന്ധിപ്പിക്കും. മൺറോത്തുരുത്തിൽ 590 മീറ്ററും പടിഞ്ഞാറേ കല്ലടയിൽ 125 മീറ്ററുമാണ് പാലത്തിന്റെ അപ്രോച്ച് റോഡ്. പാലത്തിന്റെ സർവേ ഉൾപ്പെടെയുള്ള ജോലികൾക്ക് 12 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

5 സ്പാനുകൾ

158 മീറ്റർ നീളം

15 മീറ്റർ വീതി