vismaya

കൊല്ലം: ഏറെ കോളിളക്കം സൃഷ്ടിച്ച വിസ്മയ കേസിന്റെ വിചാരണ ജനുവരി 10 മുതൽ കൊല്ലം ഒന്നാം അഡി.സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത് മുമ്പാകെ ആരംഭിക്കും. ഇന്നലെ കോടതിയിൽ പ്രതി കിരൺകുമാറ‍ിനെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കുറ്റം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. സംഭവംനടന്ന് ആറു മാസത്തിനുള്ളിൽ വിചാരണ ആരംഭിക്കുന്നുവെന്ന പ്രത്യേകതകൂടി കേസിനുണ്ട്.

ഇന്ത്യൻ ശിഷ നിയമത്തിലെ 304 ബി -സ്ത്രീധനപീഡനംകൊണ്ടുള്ള മരണം, 498 എ - സ്ത്രീധന പീഡനം, 306 - ആത്മഹത്യാപ്രേരണ, 323 - പരിക്കേൽപ്പിക്കുക, 506 (1) - ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്. 10ന് സാക്ഷിവിസ്താരം തുടങ്ങും. 2021 ജൂൺ 21 നാണ് ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭർതൃവീട്ടിൽ വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സെപ്തംബർ 10ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺകുമാർ ചിറ്റുമലയിൽ പൊതുജനമദ്ധ്യത്തിലും നിലമേലുള്ള വീട്ടിൽ വച്ചും,​ സ്ത്രീധനമായി നൽകിയ കാർ മാറ്റി നൽകണമെന്ന് പറഞ്ഞു പരസ്യമായി പീഡിപ്പിച്ചുവെന്നും മാനസിക പീഡനം സഹിക്കാനാകാതെ വിസ്മയ ആത്മഹത്യ ചെയ്തുവെന്നുമാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജും പ്രതിക്കുവേണ്ടി പ്രതാപചന്ദ്രൻപിള്ളയും ഹാജരായി.