പുനലൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, ശ്രീനാരാണ ട്രസ്റ്റ് സെക്രട്ടറി തുടങ്ങിയ പദവികളിൽ 25 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'ഒരു വിദ്യാലയം ഒരു വീട്' എന്ന പദ്ധതിക്ക് പുനലൂരിൽ തുടക്കംക്കുറിച്ചു. പുനലൂർ ഐക്കരക്കോണം എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. സ്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്നാണ് വീട് നിർമ്മിച്ച് നൽകുന്നത്. സ്കൂൾ പ്രിൻസിപ്പൽ എസ്. പ്രിയദർശനി, പ്രഥമാദ്ധ്യാപിക കെ. സൈദ എന്നിവർ ചേർന്ന് വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. പത്തനാപുരം യൂണിയൻ സെക്രട്ടറി ബി. ബിജു, ഐക്കരക്കോണം ശാഖാ പ്രസിഡന്റ് എസ്. സുബിരാജ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് അമ്പിളി പ്രീയ, വാർഡ് അംഗം ധന്യ പ്രദീപ്, മുൻ നഗരസഭ കൗൺസിലർ പ്രീയ സുബിരാജ്, ഭവന നിർമ്മാണ കമ്മിറ്റി കൺവീനർ സി. ജയന്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.