 
പുനലൂർ: അച്ചൻകോവിൽ, ആര്യങ്കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രങ്ങളിലെ അയ്യപ്പ വിഗ്രഹങ്ങളിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്ക് നൂറ്കണക്കിന് ഭക്തർ വരവേൽപ്പ് നൽകി. ഇന്നലെരാവിലെ പുനലൂരിൽ നിന്ന് ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര കലയനാട്, ഇടമൺ, തെന്മല, കഴുതുരുട്ടി വഴി ആര്യങ്കാവിലും, തമിഴ്നാട് വഴി അച്ചൻകോവിലിലും എത്തി. ഇന്നലെ രാവിലെ 8ന് പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പ്രത്യേകം തയ്യറാക്കിയ പൂ പന്തലിലാണ് തിരുവാഭരണങ്ങൾ അടങ്ങിയ പേടകങ്ങൾ ഭക്തർക്ക് ദർശനത്തിന് വച്ചത്. സ്ത്രീകൾ അടക്കം നൂറുകണക്കിന് ഭക്തർ തിരുവാഭരണങ്ങൾ കണ്ട് തൊഴാൻ ക്ഷേത്രത്തിലെത്തിയിരുന്നു. തുടർന്ന് 11ന് കനത്ത പൊലീസ് സംരക്ഷണത്തിൽ രണ്ട് ക്ഷേത്രങ്ങളിലേക്കുമുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുനലൂരിൽ നിന്ന് പുറപ്പെട്ടു. പുനലൂർ കെ.എസ്.ആർ.ടി.സി, ടി.വി ജംഗ്ഷനുകൾക്ക് പുറമേ കലയനാട്, താമരപ്പള്ളി, ഇടമൺ, ഉറുകുന്ന്, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം, പാലരുവി തുടങ്ങിയ കേന്ദ്രങ്ങളിൽ ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകി. വൈകിട്ട് 5.45ന് ആര്യങ്കാവ് അയ്യപ്പ ക്ഷേത്രത്തിലേക്കുളള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുളള ഘോഷയാത്ര പാലരുവി ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു. സന്ധ്യയോടെ ധർമ്മ ശാസ്താ ക്ഷേത്രത്തിലെത്തി. തുടർന്ന് തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷം തിരുവാഭരണങ്ങൾ ദേവന് ചാർത്തി ദീപാരാധനയും നടത്തി. അച്ചൻകോവിൽ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലേക്കുള്ള തിരുവാഭരണവും വഹിച്ച് കൊണ്ടുളള ഘോഷ യാത്ര കോട്ടവാസൽ, പുളിയറ, ചെങ്കോട്ട വഴി തെങ്കാശിയിലെത്തി. തുടർന്ന് തമിഴ്നാട് പൊലീസിന്റെ അകമ്പടിയോടെ തിരിച്ച് ചെങ്കോട്ട, പമ്പിളി, മേക്കര വഴി വൈകിട്ട് 5.30ന് അച്ചൻകോവിൽ ഹൈസ്കൂൾ ജംഗ്ഷനിലെത്തി. തുടന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ച് സന്ധ്യയോടെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചു. തുടർന്ന് തിരുവാഭരണങ്ങൾ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധനയും ദീപക്കാഴ്ചയും നടത്തി.