photo
പൊലീസ് ട്രെയിനിംഗ് സെന്റർ നിർമ്മിക്കാനായി കൊട്ടാരക്കരയിൽ ഭൂമി ഒരുക്കുന്നു

കൊല്ലം: കൊട്ടാരക്കരയിൽ കൊല്ലം റൂറൽ ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്റർ തുടങ്ങുന്നു. ഇൻഡോർ ക്ളാസും അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള സെന്ററാണ് ആരംഭിക്കുന്നത്. ഫിസിക്കൽ ട്രെയിനിംഗിന് ഇവിടെ സൗകര്യമുണ്ടാകില്ല. കൊട്ടാരക്കര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് മുൻപ് പൊലീസ് സർക്കിൾ ഓഫീസ്, പൊലീസ് ക്വാർട്ടേഴ്സുകൾ എന്നിവ പ്രവർത്തിച്ചിരുന്ന ഭൂമിയിലാണ് ട്രെയിനിംഗ് സെന്റർ വരുന്നത്. ഏറെക്കാലമായി ഈപ്രദേശം കാടുമൂടി നശിക്കുകയായിരുന്നു. ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നശിച്ച് വലിയ തോതിൽ കാട് മൂടുകയാണെന്ന് നാട്ടുകാർ നിരന്തരം പരാതിയും നൽകിയിരുന്നു. ഇവിടം വൃത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചുനീക്കുകയാണ്. ഈമാസം അവസാനവാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നടത്തുമെന്നാണ് സൂചന. എഴുകോൺ പൊലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനവും ഇതേദിവസം തന്നെ നടത്താനാണ് തീരുമാനം.

ബഹുനില മന്ദിരം

മൂന്ന് ഏക്കർ ഭൂമിയാണ് ഇവിടെ പൊലീസിനായുള്ളത്. ഇതിൽ കുറച്ചുഭാഗത്ത് പൊലീസ് ട്രെയിനിംഗ് സെന്റർ നിർമ്മിക്കാൻ അനുവദിക്കുകയായിരുന്നു. നിർമ്മാണത്തിനായി ഒരു കോടി ഇരുപത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ ക്ളാസുകൾക്കായുള്ള വിശാലമായ ഹാൾ, മുകളിൽ സ്യൂട്ട് റൂമുകൾ, ഡൈനിംഗ് ഹാൾ, ടൊയ്ലറ്റ് സംവിധാനങ്ങൾ, വിശ്രമ സ്ഥലം എന്നിവയാണ് ക്രമീകരിക്കുക. ശിലാസ്ഥാപനച്ചടങ്ങ് നടക്കുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗതകൈവരും.

ഫ്ളാറ്റ് സമുച്ചയം

പൊലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കാൻ ഇതേ കോമ്പൗണ്ടിൽത്തന്നെ ഫ്ളാറ്റ് സമുച്ചയവും നിർമ്മിക്കും. റൂറൽ എസ്.പിക്ക് നിലവിൽ എസ്.പി ഓഫീസിന് കെട്ടിടം നിർമ്മിക്കുന്ന ഭാഗത്തായി ക്യാമ്പ് ഓഫീസ് നിർമ്മിക്കും. ഇതിന് നേരത്തേ തുക അനുവദിച്ചിരുന്നു. മറ്റ് ഉദ്യോഗസ്ഥർക്കായാണ് രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കുന്നത്. പൊലീസ് സ്റ്റേഷൻ, വനിതാ പൊലീസ് സ്റ്റേഷൻ എന്നിവയ്ക്കുള്ള കെട്ടിടങ്ങളുടെ നിർമ്മാണവും ഇതേ കോമ്പൗണ്ടിൽ ഉടൻ ആരംഭിക്കും.