 
കൊല്ലം: കൊട്ടാരക്കരയിലെ പഴയ പൊലീസ് ക്വാർട്ടേഴ്സുകൾ പൊളിച്ചുതുടങ്ങിയതോടെ ഇവിടുത്തെ കാട് വെട്ടിത്തെളിക്കുന്നതിന്റെ ആശ്വാസത്തിലാണ് പ്രദശവാസികൾ. ഏറെക്കാലമായി ഇവിടെ ക്വാർട്ടേഴ്സുകൾ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ഇവിടെ നിന്ന് സർക്കിൾ ഓഫീസ് മാറ്റിയ നാളുമുതൽ പ്രദേശം കാടുമൂടാൻ തുടങ്ങിയതുമാണ്. ഇഴജന്തുക്കളുടെ ശല്യംമൂലം പൊറുതി മുട്ടുകയായിരുന്നു സമീപവാസികൾ. ഇതിനോട് ചേർന്നാണ് ഗവ. ഗേൾസ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. നിരവധി കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിന്ന് പലപ്പോഴും പാമ്പുകളെ കണ്ടെത്തിയതോടെ സ്കൂൾ അധികൃതരും പല തവണ പരാതികൾ നൽകിയിരുന്നു. ഇതിനുപുറമേ സാമൂഹ്യവിരുദ്ധരും ഈ കാട്ടിൽ തമ്പടിക്കാൻ തുടങ്ങിയിരുന്നു. പഴയ വാഹനങ്ങൾ, പൊലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങൾ, കന്നാസുകൾ എന്നിവ നിക്ഷേപിച്ചിരുന്നതും ഈ വളപ്പിലാണ്. വനിതാ സെൽ, എം.പിയുടെ ഓഫീസ് എന്നിവയും തൊട്ടടുത്താണ്.
കാടുനീക്കുന്നത് പൊലീസ് ട്രെയിനിംഗ്
സെന്റർ നിർമ്മാണത്തിന്
പൊലീസ് ട്രെയിനിംഗ് സെന്റർ നിർമ്മാണത്തിനായാണ് ഇവിടുത്തെ കാട് നീക്കം ചെയ്യുന്നതും തകർന്ന ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതും. ഇതുകൊണ്ട് ഏറ്റവും കൂടുതൽ ആശ്വാസം ലഭിക്കുന്നത് സമീപവാസികൾക്കാണ്. എല്ലാത്തരത്തിലും പ്രാധാന്യമുള്ള പട്ടണത്തോട് ചേർന്നുകിടക്കുന്ന ഭൂമിയായിട്ടും പൊലീസിന്റെ വകയായതിനാൽ കാട് വെട്ടിത്തളിക്കണമെന്ന നാട്ടുകാരുടെ പ്രതിഷേധങ്ങൾക്ക് വേണ്ട പരിഗണന ലഭിച്ചില്ല. മാസങ്ങൾക്ക് മുൻപ് മന്ത്രി കെ.എൻ. ബാലഗോപാലും നഗരസഭാ ചെയർമാനും ഇവിടം സന്ദർശിച്ചപ്പോൾ ഉടൻ കാട് വെട്ടിമാറ്റുമെന്നാണ് പ്രദേശവാസികൾ പ്രതീക്ഷിച്ചതെങ്കിലും ഫലമുണ്ടായിരുന്നില്ല.
മാറ്റത്തിന്റെ മണിമുഴക്കം
ഇനി ഇവിടെ നിർമ്മിക്കുന്നത് പൊലീസ് ട്രെയിനിംഗ് സെന്റർ, പൊലീസ് സ്റ്റേഷൻ, വനിതാ പൊലീസ് സ്റ്റേഷൻ, ഫ്ളാറ്റ് സമുച്ചയങ്ങൾ തുടങ്ങിയവയാണ്. മൂന്ന് ഏക്കർ ഭൂമിയാണ് ആകെയുള്ളത്. അവിടെ പൊലീസിന്റെ വിവിധ ഓഫീസുകളുൾപ്പടെ വരുന്നത് വലിയ പ്രതീക്ഷയോടെയാണ് നാട് കാത്തിരിക്കുന്നത്. കാന്റീൻ അടക്കമുള്ള സംവിധാനങ്ങളും ഇവിടേക്ക് എത്തും.