കരുനാഗപ്പള്ളി: കെ റെയിൽ പദ്ധതിയുടെ വ്യാജ ടി.പി.ആറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഉടനീളം കല്ലിടുന്ന നടപടി സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ആവശ്യപ്പെട്ടു. അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അസംഘടിത തൊഴിലാളികളുടെ വിവരശേഖരണവും ഇ-ശ്രം കാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ റെയിലിന്റെ പ്രാഥമിക സാദ്ധ്യതാ പഠനം നടത്തിയ സംഘത്തലവന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്. മുംബയ് അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയേക്കാൾ ചെലവേറിയ ഈ പദ്ധതി ഉരുക്കുമുഷ്ടി ഉപയോഗിച്ച് നടപ്പാക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അആവശ്യപ്പെട്ടു. യു.ഡബ്ല്യു.ഇ.സി തൊടിയൂർ മണ്ഡലം പ്രസിഡന്റ് കെ.കെ. സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി. നാഥ്, ജില്ലാ സെക്രട്ടറി എൻ. രമണൻ, നിയോജക മണ്ഡലം സെക്രട്ടറി ബി. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.