balagopal-
കെ. തങ്കപ്പന്റെ ആറാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി കൊല്ലം ക്യൂ.എ.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: കഴിഞ്ഞ ബഡ്ജറ്റിൽ കൊല്ലത്തിന് അനുവദിച്ച ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടിന്റെ വിശദ രൂപരേഖ തയ്യാറായെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മുൻ മുനിസിപ്പൽ ചെയർമാനും ക്വയിലോൺ അത്ലറ്റിക് ക്ലബ്ബിന്റെ അമരക്കാരനുമായിരുന്ന കെ. തങ്കപ്പന്റെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊല്ലത്തിന്റെ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താൻ ഒരേ സമയം കരയിലും വെള്ളത്തിലും ഓടുന്ന വാഹനം എത്തിക്കും. കൊല്ലം നഗരത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിച്ച ആളാണ് കെ. തങ്കപ്പൻ. അദ്ദേഹം ഒരേ സമയം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും ബാലഗോപാൽ പറഞ്ഞു.

ക്യു.എ.സി പ്രസിഡന്റ് അഡ്വ. കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എൽ.എ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. എ.കെ. സാവാദ്, ക്യു.എ.സി സെക്രട്ടറി ജി. രാജ്മോഹൻ, വൈസ് പ്രസിഡന്റുമാരായ കെ. സോമയാജി, സഞ്ജീവ് സോമരാജൻ, സുന്ദർബാബു തുടങ്ങിയവർ സംസാരിച്ചു. കെ. തങ്കപ്പൻ ഫൗണ്ടേഷൻ സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ മികച്ച അത്ലറ്റിനുള്ള പുരസ്കാരം സാന്ദ്ര ബാബുവിനും മികച്ച ഫുട്ബാളർക്കുള്ള പുരസ്കാരം നിജോ ഗിൽബർട്ടിനും മന്ത്രി സമ്മാനിച്ചു.