 
 മാടൻനട, പുത്തൻചന്ത ലെവൽക്രോസുകൾ അടച്ചിടുന്നത് 20 മിനിറ്റിലേറെ
കൊല്ലം: ഇന്റർമീഡിയറ്റ് ബ്ലോക്ക് സംവിധാനത്തിന്റെ ക്രമീകരണത്തിലെ അശാസ്ത്രീയത മാടൻനട, ഇരവിപുരം പുത്തൻചന്ത റെയിൽവേ ഗേറ്റുകളിൽ ഗതാഗത സ്തംഭനമുണ്ടാക്കുന്നു. തൊട്ടുചേർന്നുള്ള ലെവൽക്രോസുകളിലൂടെ വാഹനങ്ങൾ കടന്നുപോവുമ്പോഴും ഈ രണ്ട് ലെവൽക്രോസുകളും ഒരു ട്രെയിൻ കടത്തിവിടാൻ 20 മിനിറ്റിലേറെയാണ് അടഞ്ഞുകിടക്കുന്നത്. രണ്ട് ട്രെയിനുകൾ അടുപ്പിച്ച് കടന്നുപോകുമ്പോൾ ഗേറ്റടവിന്റെ സമയം അര മണിക്കൂറിലേറെ നീളും.
കഴിഞ്ഞ ഒക്ടോബറിൽ മയ്യനാട് റെയിൽവേ സ്റ്റേഷനിലെ സിഗ്നലിംഗ് സംവിധാനം അവസാനിപ്പിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. മയ്യനാട് സ്റ്റേഷനിൽ നിന്ന് ഇരുദിശകളിലേക്കും സിഗ്നൽ നൽകുന്നതിന് പകരം മാടൻനട, ഇരവിപുരം പുത്തൻചന്ത ലെവൽക്രോസുകളോട് ചേർന്ന് ഇന്റർമീഡിയേറ്റ് ബ്ലോക്കുകൾ സ്ഥാപിച്ചു. വർക്കല ഭാഗത്ത് നിന്നുള്ള ട്രെയിനുകൾക്ക് മാടൻനടയിലെയും കൊല്ലം ഭാഗത്തുനിന്നുള്ള ട്രെയിനുകൾക്ക് പുത്തൻചന്തയിലെ ഇന്റർമീഡിയേറ്റ് ബ്ലോക്കിൽ നിന്നുമാണ് സിഗ്നൽ നൽകുന്നത്. തൊട്ടടുത്തുള്ള ലെവൽക്രോസ് അടച്ചാലേ ഇന്റർമീഡിയേറ്റ് ബ്ലോക്കുകൾ സിഗ്നൽ നൽകൂ. അതുകൊണ്ടുതന്നെ തിരുവനന്തപുരം ഭാഗത്ത് നിന്നുള്ള ട്രെയിനുകൾ വർക്കല പിന്നിടുമ്പോഴും കൊല്ലത്ത് നിന്നുള്ള ട്രെയിനുകൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് മുൻപും ഈ രണ്ട് ഗേറ്റുകളും അടയ്ക്കും. മാടൻനട ഗേറ്റ് അടച്ചാലേ തിരുവനന്തപുരം ഭാഗത്ത് നിന്നുള്ള ട്രെയിനുകൾക്ക് പരവൂർ സ്റ്റേഷൻ കടക്കാനുള്ള സിഗ്നൽ ലഭിക്കൂ. പുത്തൻചന്ത ഗേറ്റ് അടച്ചാലേ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾക്ക് പുറപ്പെടാനാകൂ. നേരത്തേ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് കോളേജ് ജംഗ്ഷൻ, കപ്പലണ്ടിമുക്ക് ഗേറ്റുകൾ മാത്രമാണ് അടച്ചിരുന്നത്.
ഗേറ്റുകളിൽ വാക്കേറ്റം
നേരത്തേ ട്രെയിനുകൾ കുറവായതിനാൽ സിഗ്നലിംഗ് സംവിധാനത്തിലെ പരിഷ്കാരങ്ങൾ വാഹനയാത്രികരെ കാര്യമായി ബാധിച്ചിരുന്നില്ല. ട്രെയിനുകളുടെ എണ്ണം കൂടിയതോടെ രണ്ട് ലെവൽക്രോസുകളിലും ഗതാഗതസ്തംഭനം രൂക്ഷമായി. തൊട്ടടുത്തുള്ള ലെവൽക്രോസിലൂടെ വാഹനങ്ങൾ കടത്തിവിടുമ്പോൾ തങ്ങളുടെ മാത്രം വഴിമുടക്കുകയാണെന്ന് ആരോപിച്ച് വാഹനയാത്രക്കാരും ഗേറ്റ് കീപ്പർമാരും തമ്മിൽ തർക്കമുണ്ടാകുന്നത് നിത്യസംഭവമാണ്. വാക്കുതർക്കം പലപ്പോഴും ആക്രമണത്തിലേക്ക് പോകുന്നത് പൊലീസിനും തലവേദനയുണ്ടാക്കുന്നുണ്ട്. പുതിയപരിഷ്കാരം സംബന്ധിച്ച അറിയിപ്പ് ലെവൽക്രോസുകൾക്ക് മുമ്പിൽ സ്ഥാപിക്കാൻ റെയിൽവേ അധികൃതർ തയ്യാറായിട്ടില്ല.
ഇന്റർമീഡിയറ്റ് ബ്ലോക്ക് സംവിധാനം നിലവിൽ വന്നതോടെ മയ്യനാട്, പുത്തൻചന്ത ലെവൽക്രോസുകളിലെ ജീവനക്കാരെ വഹനയാത്രക്കാർ അസഭ്യം പറയുന്നതും കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതും പതിവാണ്. പുതിയപരിഷ്കാരം സംബന്ധിച്ച അറിയിപ്പ് ലെവൽക്രോസുകളിൽ സ്ഥാപിച്ച് വാഹനയാത്രക്കാർക്ക് ബോധവത്കരണം നൽകാൻ അധികൃതർ തയ്യാറാകണം
അനിൽകുമാർ (ഡിവിഷണൽ വൈസ് പ്രസിഡന്റ്, ഡി.ആർ.ഇ.യു)