
കൊല്ലം: അഞ്ചുവർഷത്തിനകം കെ.എസ്.എഫ്.ഇയുടെ വാർഷിക വിറ്റുവരവ്
ഒരുലക്ഷം കോടി രൂപയായി വർദ്ധിപ്പിക്കുമെന്ന് ചെയർമാൻ കെ.വരദരാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ 637 ബ്രാഞ്ചുകൾ ആയിരമായി ഉയർത്തും. ഗ്രാമീണ മേഖലകളിൽ മൈക്രോ ബ്രാഞ്ചുകൾ സ്ഥാപിക്കും. വീട്ടമ്മമാർക്ക് ഗാർഹിക ജോലിഭാരം കുറയ്ക്കാൻ സ്മാർട്ട് കിച്ചൺ വായ്പാപദ്ധതി മാർച്ച് 31ന് തുടങ്ങും.
സേവനങ്ങൾക്ക് കൃത്യതയും സുതാര്യതയും ഉറപ്പാക്കും. തുച്ഛവരുമാനക്കാർക്കായി ധനസഹായ പദ്ധതിയൊരുക്കും. വഴിയോര ചെറുകിട കച്ചവടക്കാർക്ക് സഹായപദ്ധതി തുടങ്ങും. ധനകാര്യ മാനേജ്മെന്റ് ശക്തിപ്പെടുത്തി കുടിശിക പിരിക്കും. സാധാരണക്കാർക്കായി ഭവന വായ്പാപദ്ധതിയും തുടങ്ങും. സ്വർണപ്പണയ വായ്പ കൂടുതൽ ഫലപ്രദമാക്കും. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ക്രമക്കേടിനെതിരെ സർവീസിൽ നിന്ന് ഒഴിവാക്കുന്നതുൾപ്പെടെ ശക്തമായ നടപടിയെടുക്കും. കെ.എസ്.എഫ്.ഇയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും ജനകീയമാക്കാനും നിർദേശങ്ങൾ വിവിധ മേഖലകളിൽ നിന്ന് സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.
കരുത്തായി പ്രവാസിചിട്ടി
കൊവിഡിൽ കെ.എസ്.എഫ്.ഇക്ക് വലിയ കരുത്തേകിയ പ്രവാസിചിട്ടി പദ്ധതി വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. വായ്പാ കുടിശികയുള്ളവർക്ക്
പിഴപ്പലിശ ഒഴിവാക്കി, ഒറ്റത്തവണ തീർപ്പാക്കലിന് സൗകര്യമുണ്ട്. കൂടുതൽ ഇളവുകൾക്കായി സർക്കാരുമായി കൂടിയാലോചിക്കുമെന്നും ചെയർമാൻ പറഞ്ഞു.