rvsmhss
പ്രയാർ ആർ.വി.എസ്.എം ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്കീം അംഗങ്ങൾക്ക് നൂറനാട് ഐ.ടി. ബി.പിയിലെ ഉദ്യോഗസ്ഥർ ദുരന്തനിവാരണ പ്രവർത്തനത്തിനായുള്ള പരിശീലനം നൽകുന്നു

ഓച്ചിറ: ദുരന്തമുഖങ്ങളിൽ പകച്ചുനിൽക്കാതെ വിദ്യാർത്ഥികളെ രക്ഷാപ്രവർത്തനത്തിന് സന്നദ്ധരാക്കാൻ പരിശീലന പരിപാടിയുമായി പ്രയാർ ആർ.വി.എസ്.എം ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്കീം. നൂറനാട് ഐ.ടി. ബി.പിയിലെ ഉദ്യോഗസ്ഥരാണ് വിദ്യാർത്ഥികൾക്ക് ദുരന്തനിവാരണ പ്രവർത്തനത്തിനുള്ള പരിശീലനം നൽകിയത്. നാഷണൽ സർവീസ് സ്കീമിന്റെ ദുരന്തനിവാരണസേന രൂപീകരണ പരിപാടിയുടെ ഭാഗമായാണ് പരിശീലനം ഒരുക്കിയത്. പ്രകൃതിദുരന്തങ്ങൾ അടക്കമുള്ളവയുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് പരിപാടിയിൽ ഐ.ടി. ബി.പി അംഗങ്ങൾ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി. ഗ്രാമ പഞ്ചായത്ത് അംഗം പി. സ്വാമിനാഥ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജി. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ഐ.ടി. ബി.പി ഇൻസ്‌പെക്ടർ മധുസൂദനൻ നായർ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിമൽ കൈതയ്ക്കൽ, അദ്ധ്യാപകരായ കിരൺ അരവിന്ദ്, ശ്രീരാജ്, എസ്.പി.എ അംഗം സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. അഡിഷണൽ ഇൻസ്‌പെക്ടർ അനിൽ, ഹവീൽദാർമാരായ അരുൺ, നീൽകമൽ, കോൺസ്റ്റബിൾ ഷിജു, എൻ.എസ്.എസ് ലീഡർമാരായ നന്ദു, ഗോപിക, ദേവനാരായണൻ, അനുഷ്‌ക അനിൽ കുമാർ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.