v
കന്റോൺമെന്റ് മൈതാനം

കൊല്ലം: നിർമ്മാണം പുരോഗമിക്കുന്ന ഒളിമ്പ്യൻ സുരേഷ്ബാബു ഇൻഡോ‌ർ സ്റ്റേഡിയത്തിന് പുറമേ സിവിൽ സ്റ്റേഷൻ അനക്സ് കൂടി സ്ഥാപിച്ച് കന്റോൺമെന്റ് മൈതാനം കോൺക്രീറ്റ് കൂടാരമാക്കാൻ നീക്കം. മൈതാനത്തിന്റെ ഒരേക്കർ സ്ഥലം കവർന്നെടുത്ത് സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മിക്കാനാണ് ആലോചന.

ഇൻഡോർ സ്റ്റേഡിയത്തിന് അനുവദിച്ചതിനേക്കാൾ 20 സെന്റ് ഭൂമി കൂടി അധികമായി എടുത്താണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്. ഇതിനെതിരെ റവന്യു വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. അതിനിടയിലാണ് പുതിയ കെട്ടിട സമുച്ചയത്തിനുള്ള കൊണ്ടുപിടിച്ച നീക്കം നടക്കുന്നത്. നഗരത്തിൽ ആശ്രാമം മൈതാനം കഴിഞ്ഞാൽ കായിക പരിശീലനത്തിന് പൊതു ഉടമസ്ഥതയിൽ ആകെയുള്ള ഇടം കന്റോൺമെന്റ് മൈതാനമാണ്. ഇതിന് പുറമേ രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങളുടെ സമ്മേളനങ്ങളും ഇവിടം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. സിവിൽ സ്റ്റേഷൻ അനക്സ് കൂടിയാകുന്നതോടെ മൈതാനം എന്ന് പറയാൻ കഴിയാത്ത തരത്തിൽ നാമമാത്രമായ ഭൂമിയേ അവശേഷിക്കൂ. പള്ളിത്തോട്ടത്ത് സർക്കാർ ഏറ്രെടുത്ത അന്യം നില്പ് ഭൂമി ഓപ്പൺ സർവകലാശാല ആസ്ഥാനം നിർമ്മിക്കാൻ അനുയോജ്യമല്ലെങ്കിൽ സിവിൽ സ്റ്റേഷൻ അനക്സ് അവിടേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്.

വീരചരിത്രവും മറയും

ചരിത്ര പ്രസിദ്ധമായ ചിങ്ങം 17 വിപ്ലവത്തിന്റെ ഓർമ്മ ഭൂമിയാണ് കന്റോൺമെന്റ് മൈതാനം. ബ്രട്ടീഷ് ഭരണത്തിനെതിരെ നടന്ന നിസഹകരണ സമരത്തിന്റെ ഭാഗമായി 1938 ചിങ്ങം 17ന് കന്റോൺമെന്റ് മൈതാനത്തേക്ക് റാലികൾ നടന്നു. പോളയത്തോട്, പാർവ്വതി മിൽ എന്നിവിടങ്ങളിൽ നിന്നായിരുന്നു റാലി. പ്രമുഖ നേതാക്കൾ റാലിയിൽ അണിനിരന്നവരെ അഭിസംബോധന ചെയ്യാൻ എത്തിയിരുന്നു. എന്നാൽ ജനക്കൂട്ടത്തിന് നേരെ ബ്രട്ടീഷ് പൊലീസ് വെടിയുതിർത്തു. ആറ് പേർ കൊല്ലപ്പെട്ടു. കേരളത്തിലെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ നിർണായക ഏടാണ് ഈ സംഭവം. മൈതാനം കോൺക്രീറ്റ് കൂടാരമാക്കുന്നത് ദേശീയ പ്രസ്ഥാനത്തോടുള്ള അവഗണന കൂടിയാണ്.

പള്ളിത്തോട്ടത്ത് ജില്ല ജയിൽ പാടില്ല: പി. രാജേന്ദ്രപ്രസാദ്

ജനവാസ മേഖലയായ പള്ളിത്തോട്ടത്ത് സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ജില്ല ജയിൽ സ്ഥാപിക്കരുതെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. തീരദേശവാസികൾക്ക് പട്ടയം നൽകി പുനരധിവസിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. ശേഷിക്കുന്ന സ്ഥലത്ത് ജനോപകാരപ്രദമായ ഓഫീസുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.