ഓയൂർ: കരിങ്ങന്നൂർ അഞ്ഞൂറ്റിനാലിൽ അനധികൃതമായി മണ്ണ് കടത്തിയ ടിപ്പറും മണ്ണ് മാന്തിയന്ത്രവും പൂയപ്പള്ളി പൊലീസ് പിടികൂടി. ഐഷാമൻസിലിൽ താഹാ വാഹിദിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിന്ന് ബുധനാഴ്ച്ച രാത്രി അനധികൃതമായി മണ്ണടുപ്പ് നടക്കുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയപ്പോൾ മണ്ണ് ഖനനം നിറുത്തി കടത്താനുപയോഗിച്ച മൂന്ന് ടിപ്പറുകളും മണ്ണ് മാന്തിയന്ത്രവും മാറ്റിയിട്ടിരിക്കുകയായിരുന്നു. പൊലീസ് തിരികെ പോയതിന് ശേഷം വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചതായി വിവരം ലഭിച്ചു. തുടർന്ന് പൊലീസ് സ്വകാര്യ വാഹനത്തിൽ സ്ഥലത്തെത്തിയാണ് ടിപ്പറും മണ്ണ് മാന്തിയന്ത്രവും കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ടിപ്പറും മണ്ണ് മാന്തിയന്ത്രവും ഉപേക്ഷിച്ച് ഡ്രൈവർമാർ ഓടി രക്ഷപെട്ടു. തുടർന്ന് രാത്രി 12 മണിയോടെ വാഹനങ്ങളുടെ ഡ്രൈവർമാരുടെ മൊബൈൽ നമ്പരുകൾ സംഘടിപ്പിച്ച പൊലീസ് അവരെ വിളിച്ച് വരുത്തിയാണ് വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റിയത്. പാസെടുത്ത ശേഷമാണ് മണ്ണെടുക്കുന്നതെന്ന് സ്ഥലവാസികളെ തെറ്റിദ്ധരിപ്പിച്ച് രാവിലെ തുടങ്ങിയ മണ്ണെടുപ്പ് രാത്രി 10 കഴിഞ്ഞിട്ടും തുടർന്നതിനാൽ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.