c
എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെ പരിധിയിൽപ്പെട്ട 2594 -ാം നമ്പർ ചിറവൂർ ശാഖയിലെ ഗുരുഗ്രാമം പശുഗ്രാമം പദ്ധതിയുടെ ഭാഗമായി നടന്ന പശുവിതരണോദ്ഘാടനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ നിർവഹിക്കുന്നു. മന്ത്രി ജെ. ചിഞ്ചുറാണി സമീപം

കടയ്ക്കൽ : വെള്ളാപ്പള്ളി നടേശൻ നേതൃപദവി അലങ്കരിക്കുന്ന സമയം എസ്.എൻ.ഡി.പി യോഗത്തിന്റെ സുവർണ കാലഘട്ടമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ ചിതറ പഞ്ചായത്തിൽ നിന്നുള്ള 10 ശാഖകളിലെ അംഗങ്ങൾക്ക് ഉൾപ്പടെയുള്ള ക്ഷീര കർഷകർക്ക് പ്രവാസിയായ ചിതറ മുള്ളിക്കാട് പവിത്രത്തിൽ വിജയൻ 400 പശുക്കളെ സൗജന്യമായി നൽകുന്ന 'ഗുരുഗ്രാമം പശുഗ്രാമം' പദ്ധതി ഉദ്ഘാടനം കിഴക്കുംഭാഗം ബൗണ്ടർമുക്കിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ നടപ്പാക്കേണ്ട ഉത്തരവാദിത്വമാണ് വിജയൻ എന്ന പ്രവാസി യാഥാർത്ഥ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പശുക്കളുടെ വിതരണോദ്ഘാടനം മുൻമന്ത്രി മുല്ലക്കര രത്‌നാകരൻ നിർവഹിച്ചു. പശുവിനെ സംഭാവനയായി നൽകുന്നതിലൂടെ ശ്രീനാരായണ ഗുരുദേവന്റെ ദർശനം പ്രാവർത്തിമാക്കുകയാണ് വിജയൻ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. പശുക്കളുടെ ഇൻഷ്വറൻസ് സർട്ടിഫിക്കറ്റുകളുടെ വിതരണം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരനും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപും നിർവഹിച്ചു. ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു, കടയ്ക്കൽ യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേംരാജ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ പാങ്ങലുകാട് ശശിധരൻ, എൻ. നളിനാക്ഷൻ, വി. അമ്പിളിദാസൻ, കെ. രാഹുൽ രാജ്, പി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ശാഖാ കമ്മിറ്റി അംഗങ്ങളായ പി. ഗിരീഷ് സ്വാഗതവും വി.എസ്. ഗിരീഷ് നന്ദിയും പറഞ്ഞു. തുടർന്ന് പവിത്രം വിജയനെ മന്ത്രി ആദരിച്ചു.