t
തക്കാളിവണ്ടിയുടെ ഉദ്ഘാടനം ചണ്ണപ്പേട്ടയിൽ മന്ത്രി ജെ. ചിഞ്ചുറാണി ഫ്ളാഗ് ഒഫ് ചെയ്യുന്നു

കൊല്ലം: പിടി തരാതെ കുതിച്ചുയരുന്ന പച്ചക്കറി വില നിയന്ത്രിക്കാൻ കൃഷിവകുപ്പിന്റെ തക്കാളിവണ്ടി ജില്ലയിൽ ഇന്നുമുതൽ ഓടിത്തുടങ്ങും. ജില്ലാ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചണ്ണപ്പേട്ടയിൽ ഇന്നലെയാണ് തക്കാളി വണ്ടി ഉദ്ഘാടനം ചെയ്തത്. സമയക്രമം പാലിച്ച് വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാവും വില്പന.

പൊതു വിപണിയിൽ പച്ചക്കറിക്ക് നേരിടുന്ന ക്ഷാമവും വിലക്കയറ്റവും പിടിച്ചു നിറുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തക്കാളി വണ്ടി ഒരുക്കിയത്. തുടക്കമെന്നോണം കൊല്ലം ജില്ലയിൽ ഒരു വാഹനം മാത്രമേ ലഭ്യമായുള്ളൂ. പൊതുവിപണിയിൽ തക്കാളിക്ക് 100 രൂപയുള്ളപ്പോൾ തക്കാളി വണ്ടിയിൽ 50 രൂപ. മറ്റ് പച്ചക്കറി സാധനങ്ങൾക്കും പൊതു വിപണിയേക്കാൾ വിലക്കുറവുണ്ട്. പ്രളയം സൃഷ്ടിച്ച കൃഷി നാശമാണ് കേരളത്തിൽ പച്ചക്കറി ക്ഷാമം രൂക്ഷമാക്കിയത്. പച്ചക്കറി ഉത്പാദനം കൂടുതലുള്ള സംസ്ഥാനങ്ങളിലെ പ്രളയവും കേരളത്തെ ബാധിച്ചു. ഇതോടെയാണ് ഒരു മാസമായി പച്ചക്കറിക്ക് കടുത്ത ക്ഷാമം നേരിട്ടുതുടങ്ങിയത്.

120 രൂപയായി ഉയർന്ന തക്കാളി വില നിയന്ത്രിക്കാൻ പാലക്കാട്ടു നിന്ന് ആഴ്ച തോറും 500 കിലോ തക്കാളി കിലോയ്ക്ക് 85 രൂപ നിരക്കിൽ സ്വാശ്രയ കാർഷിക വിപണി വഴി ലഭ്യമാക്കിയിരുന്നു. പെരുമാട്ടി, ഇലവഞ്ചേരി എന്നിവിടങ്ങളാണ് പാലക്കാട്ടെ പ്രധാന കാർഷിക വിപണി. ഇവിടെ ഇപ്പോൾ 75 രൂപയാണ് നാടൻ തക്കാളി കിലോയ്ക്ക്. ഹോർട്ടി കോർപ്പ് കേരളത്തിന് പുറത്തുളള സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച തക്കാളിയാണ് വണ്ടിയിൽ വില്പനക്കായി ഒരുക്കിയിട്ടുളളത്. വരും ദിവസങ്ങളിൽ പാലക്കാട്ടു നിന്നുള്ള തക്കാളി ലഭ്യമാക്കും.

.............................

പച്ചക്കറി വില നിയന്ത്രിക്കാൻ വളരെ നേരത്തെ നടപടി തുടങ്ങിയിരുന്നു. ക്രിസ്മസ് കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ 10 ദിവസത്തേക്കാണ് തക്കാളി വണ്ടി ഓടിക്കുന്നത്

സരിതാ ബിന്ദു, ഡെപ്യൂട്ടി മാനേജർ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ

# വണ്ടി എത്തുന്ന സമയം

 രാവിലെ 7.30 മുതൽ 10.30 വരെ കരിക്കോട്

 11മുതൽ ഒന്നുവരെ പോളയത്തോട്

 ഉച്ചക്ക് 2 മുതൽ 4 വരെ ചിന്നക്കട

 4.30 മുതൽ 7.30 വരെ കളക്ടറേറ്റ് ജംഗ്ഷൻ

# തക്കാളി വണ്ടി വിലനിലവാരം (കിലോഗ്രാം)

 തക്കാളി: 50

 സാവാള: 31

 കിഴങ്ങ്: 36

 അമര: 60

 പച്ചമുളക്: 55

 കാരറ്റ്: 60

 ബീൻസ്: 75

 കാബേജ്: 36

 പയർ: 75

 പാവൽ: 85

 ബീറ്റ്റൂട്ട്: 45

 കറിക്കായ: 28

 ചേന: 27

 ചേമ്പ്: 54

 ഇഞ്ചി: 80

 പടവലം: 50

 മഞ്ഞൾ: 17

 തടിയൻ: 20

 വെള്ളരി: 30

 ഏത്തൻ: 45

 കാച്ചിൽ: 35

 ചെറുകിഴങ്ങ്: 45

 മരച്ചീനി: 15