t

കൊല്ലം: ജില്ലയിൽ വാഹനാപകടങ്ങളുടെയും അപകടത്തിൽ മരിക്കുന്നവരുടെയും എണ്ണം കുറഞ്ഞു. 2020ൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിന്നതിനാൽ ഗതാഗതം കുറവായിരുന്നു. അതുകൊണ്ടുതന്നെ അപകടങ്ങളിലും അപകട മരണങ്ങളിലും തൊട്ടുമുൻപുള്ള വർഷത്തെക്കാൾ കുറവുണ്ടായി.

എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാര്യമായി ഇല്ലാതിരുന്ന ഈ വർഷവും 2019മായി താരതമ്യം ചെയ്യുമ്പോൾ നിരത്തിൽ ചിന്തിയ ചോരയുടെയും നഷ്ടമായ ജീവനുകളുടെ എണ്ണത്തിൽ ആശ്വാസകരമായ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്.

2019ൽ 3518 അപകടങ്ങളാണ് ഔദ്യോഗിക കണക്കിലുള്ളത്. ഈ വർഷം ഇതുവരെ 2648 അപകടങ്ങളേ ഉണ്ടായിട്ടുള്ളു. 2019ൽ 440 പേർ അപകടങ്ങളിൽ മരിച്ചു. എന്നാൽ ഈവർഷം അപകട മരണങ്ങൾ 320 മാത്രമാണ്. പരിശോധനകളും പിഴത്തുകയും ഉയർന്നതാണ് അപകടങ്ങൾ കുറയാനുള്ള കാരണമായി മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെട്ടതും ഒരു കാരണമാണ്.

# വർഷം, അപകടങ്ങൾ, അപകട മരണങ്ങൾ

 2019: 3518, 440

 2020: 2516, 315

 2021: 2648, 320

സന്നദ്ധ സംഘടനയായ ട്രാക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ വിവിധ മേഖലകളിലുള്ള 1600 ഡ്രൈവർമാർക്ക് അപകടരഹിതമായ ഡ്രൈവിംഗിനെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. നിരത്തിൽ പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ അടക്കം വിവിധ രംഗങ്ങളിലുള്ളവർക്കും ക്ലാസ് നടത്തുന്നു. ഇതും അപകടങ്ങൾ കുറയാൻ കാരണമായിട്ടുണ്ട്

ശരത്ചന്ദ്രൻ (ജോ. ആർ.ടി.ഒ കുന്നത്തൂർ, ട്രാക്ക് പ്രസിഡന്റ്)