photo
കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ

കൊല്ലം: കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് നിന്ന് ഗവ.ഗേൾസ് ഹൈസ്കൂളിന് സമീപം പൊലീസ് ക്വാർട്ടേഴ്സുകൾ നിലനിന്നിരുന്ന ഭാഗത്തേക്കാണ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുക. മൂന്ന് ഏക്കർ ഭൂമിയാണ് ഇവിടെ പൊലീസിന്റെതായുള്ളത്. ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററും രണ്ട് ഫ്ളാറ്റ് സമുച്ചയവും വനിതാ പൊലീസ് സ്റ്റേഷനും ഇവിടെ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ട്രെയിനിംഗ് സെന്ററിന്റെ നിർമ്മാണ ജോലികൾ രണ്ടാഴ്ചയ്ക്കകം തുടങ്ങും. തൊട്ടുപിന്നാലെ പൊലീസ് സ്റ്റേഷന് കെട്ടിടം നിർമ്മിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിക്കും. കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഇതിനായുള്ള പ്ളാനും എസ്റ്റിമേറ്റും തയ്യാറാക്കിക്കഴിഞ്ഞു. രണ്ടര കോടി രൂപയുടെ കെട്ടിടമാണ് നിർമ്മിക്കുന്നത്.

മെച്ചപ്പെട്ട സൗകര്യങ്ങൾ

സ്റ്റേഷൻ ഹൗസ് ഓഫീസർക്കും എസ്.ഐമാർക്കും പ്രത്യേക മുറികൾ, പൊലീസ് ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാനുള്ള ഇരിപ്പിടങ്ങൾ, വിശ്രമ മുറികൾ, കൗൺസലിംഗ് മുറികൾ, കമ്പ്യൂട്ടർ ആൻഡ് വയർലെസ് മുറി, പരാതിക്കാർക്കുള്ള വിശ്രമ മുറികൾ, ടോയ്ലറ്റ് , ഹൈടെക് ലോക്കപ്പ് സംവിധാനം, കുടിവെള്ള സംവിധാനം, റെക്കാഡുകൾ സൂക്ഷിക്കാനുള്ള മുറി, കോൺഫറൻസ് ഹാൾ എന്നിവയാണ് പ്രധാനമായും നിർമ്മിക്കുക. ശിശു, സ്ത്രീ സൗഹൃദ സംവിധാനങ്ങൾ, ഗാർഡനിംഗ്, വാഹന പാർക്കിംഗ് സൗകര്യം എന്നിവയുമുണ്ടാകും. കസ്റ്റഡി വാഹനങ്ങളും മറ്റ് സാധനങ്ങളും സൂക്ഷിക്കാനും പ്രത്യേക ഇടമൊരുക്കും.

തിരക്കിന് പരിഹാരം

കച്ചേരിമുക്കിലെ മിനി സിവിൽ സ്റ്റേഷനിൽത്തന്നെ ഒട്ടനവധി സർക്കാർ ഓഫീസുകളുണ്ട്. വിദ്യാഭ്യാസ ഓഫീസുകളും ഹെഡ് പോസ്റ്റ് ഓഫീസും പ്രസിദ്ധമായ ഗണപതി ക്ഷേത്രവുമൊക്കെ കച്ചേരിമുക്കിലാണുള്ളത്. കോടതികളുമുണ്ട്. എപ്പോഴും തിരക്കുള്ള ഭാഗത്ത് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് വലിയ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കിയിരുന്നു. ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ട് ദേവസ്വംബോർഡ് വലിയ വികസന പദ്ധതികളും തയ്യാറാക്കി വരികയാണ്. ആ നിലയിൽ കച്ചേരി മുക്കിലെ കണ്ണായ സ്ഥലത്ത് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് അനുചിതമെന്ന വിലയിരുത്തലിനെ തുടർന്നാണ് സ്റ്റേഷൻ ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ പൊലീസ് സ്റ്റേഷൻ മാർച്ചും മറ്റും നടക്കുമ്പോൾ ദേശീയപാതയിലടക്കം വലിയ തോതിൽ ഗതാഗത തടസം ഉണ്ടാകാറുമുണ്ട്. നിലവിലുള്ള പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചത് പതിറ്റാണ്ടുകൾക്ക് മുമ്പാണ്. ചരിപ്പുകളും മറ്റും ഇറക്കിയാണ് സ്റ്റേഷന്റെ പ്രവർത്തനം നടത്തിവരുന്നത്. റൂറൽ ജില്ലാ പൊലീസിന്റെ ആസ്ഥാനം കൊട്ടാരക്കര ആയതുകൊണ്ടുതന്നെ ഏറ്റവും പ്രധാന സ്റ്റേഷനുമാണ് ഇവിടം. ഇത്തരം പരിമിതികൾക്കെല്ലാം പരിഹാരിക്കും വിധത്തിലാണ് പുതിയ സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുക.

പൊലീസ് സാന്നിദ്ധ്യം തുടരും

കച്ചേരിമുക്കിൽ നിന്ന് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം മാറ്റിയാലും പൊലീസിന്റെ സാന്നിദ്ധ്യം ഇവിടെ ഉറപ്പാക്കും. ട്രാഫിക് സ്റ്റേഷനായി ഇവിടം വിട്ടുകൊടുക്കാനും ആലോചനയുണ്ട്.