photo
പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊലീസിന്റെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ നാടകം പുത്തൂർ എസ്.ഐ ടി.ജെ.ജയേഷ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: നാടകത്തിലൂടെ കുട്ടിമനസുകളിലേക്ക് ലഹരിക്കെതിരെയുള്ള സന്ദേശമെത്തിച്ച് പൊലീസിന്റെ മാതൃകാ പ്രവർത്തനം. ഇന്നലെ പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പുത്തൂർ ജനമൈത്രി പൊലീസിന്റെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ നാടകം അരങ്ങേറിയത്. സ്കൂളിലെ ഹൈസ്കൂൾ, വി.എച്ച്.എസ്.സി വിദ്യാർത്ഥികൾക്ക് വേണ്ടിയായിരുന്നു ബോധവത്കരണം. പ്രൊഫഷണൽ നാടകങ്ങളുടെ സംവിധാനങ്ങളോടെയാണ് പൊലീസിലെ കലാകാരൻമാരെത്തിയത്. അഭിനയ പ്രാധാന്യവും കാമ്പുള്ള വിഷയവുമായതിനാൽ വിദ്യാർത്ഥികളും അദ്ധ്യാപകരും കണ്ണുംകാതും കൂർപ്പിച്ചാണ് കലാപരിപാടികൾ വീക്ഷിച്ചത്. 'പാഠം ഒന്ന്, ഒരു മദ്യപന്റെ ആത്മകഥ' എന്ന നാടകം ഹൃദ്യാനുഭവമായി. സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന പരിപാടികൾ പുത്തൂർ എസ്.ഐ ടി.ജെ. ജയേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഓമനാ ശ്രീറാം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി.ആർ.മഹേഷ്, അദ്ധ്യാപിക സരസ്വതി പിള്ള, ജനമൈത്രി പൊലീസ് എസ്.ഐ ആർ.രാജീവൻ എന്നിവർ സംസാരിച്ചു.