photo
തകർന്ന വാളകം- അമ്പലക്കര മൈത്രി നഗർ റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

കൊട്ടാരക്കര: വാളകം- അമ്പലക്കര മൈത്രി നഗർ റോഡിന് ശാപമോക്ഷമായില്ല. ഫണ്ടുണ്ടായിട്ടും നിർമ്മാണം നടക്കാത്തതിൽ പ്രതിഷേധം ശക്തം. ഒന്നര കിലോമീറ്റർ ദൂരത്തിലാണ് റോഡിന്റെ തകർച്ച. അമ്പലക്കരയിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് വാളകത്ത് എത്താനുള്ള പ്രധാന റോഡാണിത്. റോഡിന്റെ തകർച്ച തുടങ്ങിയിട്ട് ഏറെ നാളായി. നിരവധി പ്രതിഷേധങ്ങളെ തുടർന്ന് ഫണ്ട് അനുവദിച്ച് നവീകരണത്തിന് കരാറായി. കരാർ നടപടികൾ പൂർത്തിയായി ഒരു വർഷമായിട്ടും ടാറിംഗ് ജോലികൾ തുടങ്ങിയില്ല. ദിവസങ്ങൾക്ക് മുമ്പ് റോഡിന്റെ വശങ്ങളിലെ മണ്ണ് നീക്കിയതാണ് ആകെയുള്ള പ്രവർത്തനം. മണ്ണ് നീക്കിയപ്പോൾ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുമ്പോഴും അധികൃതർക്ക് അറിഞ്ഞ ഭാവമില്ല. പ്രതിഷേധം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.