കൊല്ലം: പൊലീസുകാരെ ആക്രമിച്ച ശേഷം ജീപ്പ് തകർത്തയാൾ പിടിയിൽ. ചവറ മുക്കുത്തോട് കുരിശിൻമൂടിന് സമീപം വാച്ചാര കിഴക്കതിൽ ലക്ഷം വീട് കോളനിയിൽ കൂരി നിസാർ എന്നറിയപ്പെടുന്ന നിസാർ (43) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കരുനാഗപ്പള്ളി മണ്ണടിശ്ശേരി സൂപ്പർമാർക്കാറ്റിന് സമീപമായിരുന്നു സംഭവം. ഓപ്പറേഷൻ ട്രോജന്റെ ഭാഗമായി പരിശോധനയ്ക്ക് എത്തിയ പൊലീസ് ഉദ്യോഗസ്ഥരും കരുനാഗപ്പളളി പൊലീസ് സ്റ്റേഷൻ ജീപ്പുമാണ് ആക്രമിക്കപ്പെട്ടത്. ചവറ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുള്ള നിസാർ അടുത്തിടെ കരുനാഗപ്പളളി പൊലീസ് സ്റ്റേഷൻ പരിധിയിലെ മണ്ണടിശ്ശേരിയിലേക്ക് താമസം മാറ്റിയിരുന്നു. തന്നെ അന്വേഷിച്ച് പൊലീസ് സംഘം എത്തിയതിൽ കുപിതനായ നിസാർ ജീപ്പിന്റെ പിൻ ഗ്ലാസുകളും സൈഡ് ഗ്ലാസുകളും കല്ലുകൊണ്ട് ഇടിച്ച് പൊട്ടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പൊലീസസ് ഉദ്യോഗസ്ഥനായ ഹാഷിമിനെയും കല്ലു വച്ച് ആക്രമിക്കാൻ ശ്രമിച്ചു. പൊലീസ് ജീപ്പ് തകർത്തതിൽ 20,000 രൂപയുടെ നഷ്ടം സംഭവിച്ചു. കരുനാഗപ്പളളി ഇൻസ്‌പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ, എസ്.ഐമാരായ കെ.എസ്. ധന്യസ്, വിനോദ്, എ.എസ്.ഐ ഷാജിമോൻ സി.പി.ഒ ഹഷിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.