കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി ഡിപ്പോ, റോഡ്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വർഷങ്ങളായുള്ള വെള്ളകെട്ട് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഡിപ്പോ സന്ദർശിച്ചു. സി.ആർ.മഹേഷ് എം.എൽ.എ, മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ പരാതിയെ തുടർന്നാണ് റോഡ് വിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘംപരിശോധനയ്ക്ക് എത്തിയത്. ബസ് സ്റ്റാൻഡിന് മുമ്പിലേയും റോഡിലേയും വെള്ളം കെട്ടിക്കിടക്കുന്ന ഭാഗം നേരിട്ട് കണ്ട് മനസ്സിലാക്കി. ഇവിടത്തെ വെള്ളം പ്രത്യേകം ഓട നിർമിച്ച് കന്നേറ്റി കായലിലേക്കുള്ള തോട്ടിലേക്ക് ഒഴുക്കി വിടുന്നതിനുള്ള പദ്ധതിയുടെ രൂപരേഖ പൊതുമരാമത്ത് റോഡ് വിഭാഗം തയ്യാറാക്കിയിരുന്നു. വെള്ളക്കെട്ടുള്ള ഭാഗത്തുനിന്ന് കിഴക്കോട്ട് പി.ഡബ്ല്യു.ഡി. റോഡിന്റെ വശത്തുകൂടി തോട്ടിലേയ്ക്കാണ് ഓട നിർമിക്കുന്നത്. 340 മീറ്റർ നീളത്തിലാണ് ഓട നിർമിക്കേണ്ടി വരിക. ഇതിന്റെ സാദ്ധ്യതകൾ സംഘം പരിശോധിച്ചു. ഓട നിർമിക്കുന്നതോടെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്നും സംഘം വിലയിരുത്തി. 75 ലക്ഷം രൂപയാണ് ഇതിന് ചെലവുവരിക. രണ്ടുമാസത്തിനുള്ളിൽ ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കി നിർമാണം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സി.ആർ.മഹേഷ് എം.എൽ.എ, റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ശാരി, പാലം വിഭാഗം ചീഫ് എൻജിനീയർ മനു മോഹൻ, റോഡ് വിഭാഗം കരുനാഗപ്പള്ളി അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ഭാമ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.